ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഇനി കണ്ടെത്തേണ്ടത് അതിന്റെ കാരണഭൂതനെ: രമേശ് ചെന്നിത്തല.

ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പുതിയ ഹൈക്കോടതി വിധി സ്വാഗതാര്‍ഹമാണ്. ഒരു നിഷ്ഠുരമായ കൊലപാതകത്തെ സി പി എം എങ്ങനെ ന്യായീകരിക്കുന്നുവെന്ന് ഇന്നലെയും ഇന്നുമായി കോടതിയിലെ വാദങ്ങളിലൂടെ കണ്ടുകൊണ്ടിരുന്നതാണ്. ഏതായാലും ഇനിയും ഈ കേസില്‍ കൂടുതല്‍ നിയമ യുദ്ധത്തിനു വഴിതെളിക്കും എന്നാണ് വിശ്വാസം.

കെ കെ രമ ഇതിനു മുകളിലുളള കോടതിയിലേക്ക് പോകുമെന്ന അവരുടെ അഭിപ്രായത്തെ സ്വാഗതം ചെയ്യുന്നു. അതിനവര്‍ക്ക് പൂര്‍ണ്ണപിന്തുണ നല്‍കുന്നതാണ്.

ഇനി ഈ കേസില്‍ അറിയേണ്ടത് ഇതിന്റെ കാരണഭൂതനെപ്പറ്റിയാണ്. കാരണഭൂതന്‍ ആരാണ് , എന്താണ് റോള്‍ എന്നുള്ളതാണ് അറിയാനുള്ളത്. അത് ഏതായാലും സുപ്രീം കോടതിയില്‍ കാരണഭൂതനെപ്പറ്റി വ്യക്തമായ തെളിവുകള്‍ വരുമെന്നാണ് വിശ്വാസം. ഈ കൊലപാതകത്തിന്റെ ഗൂഢാലോചന അന്വേഷിക്കപ്പെടേണ്ടത് തന്നെയാണ്. അന്ന് അന്വേഷിക്കപ്പെടാതിരിക്കാന്‍ കാരണം അക്കാലഘട്ടത്തിലെ ഫോണ്‍ കോളുകള്‍ സര്‍വ്വീസ് പ്രൊവൈഡേഴ്‌സ് നല്‍കാന്‍ വിസമ്മതിച്ചതാണ്. ഇനിയും അതിനുളള സാധ്യതകള്‍ തള്ളിക്കളയാനാവില്ല. സര്‍വ്വീസ് പ്രൊവൈഡേഴ്‌സാണ് ഈ കേസിലെ
ഗുഢാലോചന അന്വേഷണത്തിനു തടസമായത് .

ഇത്തരം ഒരു കൊലപാതകം നടന്നിട്ട് അതിനെ ഇ പി ജയരാജന്‍ ന്യായീകരിച്ചത് ദൗര്‍ഭാഗ്യകരമായിപ്പോയി. എല്‍ ഡി എഫ് കണ്‍വീനര്‍ എന്ന നിലയില്‍ ഇ പി ജയരാജന്‍ നടത്തിയ പ്രസ്താവന ഇതിലെ മുഴുവന്‍ പ്രതികളെയും സംരക്ഷിക്കുന്ന ഉത്തരവാദിത്തമാണ് കാണിക്കുന്നത്. ഈ കേസില്‍ യഥാര്‍ത്ഥ ഗൂഢാലോചന നടത്തിയ കുഞ്ഞനന്തനെ വരെ ഇ പി ജയരാജന്‍ ന്യായീകരിക്കുന്നു. കുഞ്ഞനന്തന്‍ ശുദ്ധാത്മാവാണ് എന്നും അദ്ദേഹം മാടപ്രാവാണ് എന്നും പറയുന്നു. ഇത് എവിടെ ചെന്ന് നില്‍ക്കും നമ്മുടെ നാട്ടില്‍ കോടതി ശിക്ഷിച്ച് ജയിലില്‍ കിടന്ന ഇതുപോലുള്ള പ്രതികളെ ന്യായീകരിക്കുക വഴി സി പി എം ഈ കൊലപാതകത്തിലെ അവരുടെ പങ്ക് വ്യക്തമാക്കിയിരിക്കുകയാണ്. ഇന്ന് ഇ പി ജയരാജന്റെ പത്രസമ്മേളനം കേട്ട ഏതൊരാള്‍ക്കും ഈ കൊലപാതകത്തിന്റെ പിന്നില്‍ സി പി എം ആണെന്ന് വ്യക്തമാകും. ഇ പി ജയരാജന്‍ പരസ്യമായി പറഞ്ഞ അഭിപ്രായം തന്നെയാണോ എം വി ഗോവിന്ദനും ഉള്ളത് എന്നറിയാന്‍ താല്‍പര്യമുണ്ട് എന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *