കൂട്ടബലാത്സംഗം മൊബൈലില്‍ ചിത്രീകരിച്ചു, ഭീഷണി; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ തൂങ്ങിമരിച്ച നിലയില്‍

ലഖ്നോ: കൂട്ടബലാത്സംഗത്തിന് ഇരയായ, പ്രായപൂർത്തിയാകാത്തെ പെണ്‍കുട്ടികളെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ഉത്തർപ്രദേശിലെ കാണ്‍പുർ ജില്ലയിലുള്ള കൊട്ട്വാലി ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം.

14-ഉം 16-ഉം വയസ്സുള്ള കുട്ടികളുടെ മൃതദേഹം ബുധനാഴ്ച രാത്രിയോടെയാണ് മരത്തില്‍ തൂങ്ങിനില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയത്.

ബുധനാഴ്ച വൈകീട്ടോടെ കളിക്കാനായി കുട്ടികള്‍ പാടത്തേക്ക് പോയിരുന്നു. ഇരുവരും തിരിച്ചുവരാത്തതിനെ തുടർന്ന് ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് പാടത്തിനുസമീപത്തെ മരത്തില്‍ മൃതദേഹങ്ങള്‍ കണ്ടത്.

പ്രദേശത്തെ ഒരു കരാറുകാരന്റെ മകനും മരുമകനും ചേർന്ന് നിർബന്ധിച്ച്‌ കുട്ടികളെ മദ്യം കുടിപ്പിച്ചശേഷം പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം. പീഡനത്തിന്റെ വീഡിയോ പ്രതികള്‍ ഫോണില്‍ ചിത്രീകിച്ചിരുന്നു. പിന്നീട് ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന ഭീഷണിയും ഉണ്ടായി. ഇതാണ് കുട്ടികളെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിന്റെ വീഡിയോയും ചിത്രങ്ങളും പ്രതികളുടെ ഫോണില്‍നിന്ന് കണ്ടെടുത്തിട്ടുണ്ടെന്നും ഇവ പരിശോധിക്കുകയാണെന്നും അധികൃതർ അറിയിച്ചു.

കേസുമായി ബന്ധപ്പെട്ട് കുട്ടികളുടെ അകന്ന ബന്ധുക്കളായ മൂന്നുപേരെ അറസ്റ്റുചെയ്തു. കൂട്ടബലാത്സംഗം, ആത്മഹത്യാപ്രേരണ കുറ്റം, പോക്സോ വകുപ്പുകള്‍ എന്നിവ പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.

കരാറുകാരനായ നിഷാദ് നടത്തുന്ന ഇഷ്ടികചൂളയിലായിരുന്നു രണ്ടുകുട്ടികളും ഇവരുടെ കുടുംബവും ജോലിചെയ്തിരുന്നത്. ജോലിസ്ഥലത്തുനിന്ന് ഏകദേശം 400 മീറ്റർ അകലെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്ന് അഡീഷണല്‍ പോലീസ് കമ്മീഷണർ ഹരിഷ് ഛന്ദേർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *