കെ റൈസ് എത്തിയതറിഞ്ഞതോടെ സപ്ലൈകോയിലേക്ക് ജനപ്രവാഹം, പലയിടത്തും അരി തീര്‍ന്നു

കോഴിക്കോട്: കുറഞ്ഞ വിലയില്‍ കേന്ദ്രസർക്കാരിന്റെ ഭാരത് റൈസിന് ബദലായി കേരളം അവതരിപ്പിച്ച ശബരി കെ-റൈസ് ബ്രാൻഡ് അരിക്ക് ആവശ്യക്കാരേറുന്നു.

ജില്ലയിലെ 138 ഔട്ട്‌ലെറ്റുകളിലും അരി വില്‍പ്പനയ്ക്കായി കഴിഞ്ഞ ദിവസം തന്നെ എത്തിച്ചിരുന്നു. അരി എത്തിത്തുടങ്ങിയതോടെ പല ഔട്ട് ലെറ്റുകളിലും വില്‍പ്പന സജീവമായി. പല ഇടങ്ങളിലും അരി എത്തിയെങ്കിലും തീർന്നു തുടങ്ങിയിട്ടുണ്ട്.

കുറുവ അരിയാണ് വിതരണത്തിനായി എത്തിച്ചത്. ഒരു റേഷൻ കാർഡിന് അഞ്ച് കിലോഗ്രാം അരിയാണ് നല്‍കുന്നത്. കെ-റൈസ് എന്ന ബ്രാൻഡ് പേര് പതിച്ച കുറച്ച്‌ സഞ്ചികളും ഔട്ട്‌ലെറ്റുകള്‍ക്ക് നല്‍കിയിട്ടുണ്ട്. കിലോ 30 രൂപയ്ക്കാണ് വില്‍പ്പന.

രണ്ട് ദിവസത്തേക്ക് വില്‍ക്കാൻ ആവശ്യമായ കെ-റൈസ് അരിയുടെ സ്റ്റോക്കാണ് നിലവില്‍ ഔട്ട്‌ലെറ്റുകള്‍ക്ക് നല്‍കിയിട്ടുള്ളത്. തെലങ്കാനയില്‍ നിന്ന് കടമായാണ് കെ-റൈസിനായുള്ള ജയ അരി കേരളം വാങ്ങിയത്. കിലോഗ്രാമിന് 41 രൂപ നിരക്കില്‍ വാങ്ങുന്ന അരിയാണ് 30 രൂപയ്ക്കും 29 രൂപയ്ക്കും വില്‍ക്കുന്നത്.

സപ്ലൈകോ വഴി ഉപഭോക്താക്കള്‍ക്ക് നല്‍കിയിരുന്ന സബ്സിഡി അരിയാണ് രൂപംമാറി കെറൈസായി എത്തിയത്. കെ-റൈസ് വിലയിലും വ്യത്യാസമുണ്ട്. ജയ അരി കിലോ 29 രൂപയ്ക്കും മട്ട, കുറുവ ഇനങ്ങളിലെ അരി 30 രൂപയ്ക്കുമാണ് ലഭിക്കുന്നത്. തിരുവനന്തപുരത്ത് 29 രൂപയ്ക്ക് മട്ട അരിയും കോട്ടയം, എറണാകുളം ഭാഗങ്ങളില്‍ 30 രൂപയ്ക്ക് മട്ടയും കോഴിക്കോട് 30 രൂപയ്ക്ക് കുറുവ അരിയുമാണ് വില്‍ക്കുന്നത്. നേരത്തേ മാസത്തില്‍ രണ്ടുതവണയായി 10 കിലോ അരി 25 രൂപ നിരക്കില്‍ ലഭിച്ചിരുന്നു.

സബ്സിഡി അരി വാങ്ങിയിരുന്നവർക്കെല്ലാം നല്‍കാനുള്ളത്ര കെ-റൈസ് ഡിപ്പോകളില്‍ എത്തിയിട്ടില്ല. വരും ദിവസങ്ങളില്‍ കൂടുതല്‍ അരി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.- അനൂപ് കെ.സി, സപ്ലൈകോ റീജിയണല്‍ മാനേജർ ഇൻ ചാർജ്

Leave a Reply

Your email address will not be published. Required fields are marked *