കല്പറ്റ: ടെലഗ്രാം വഴി നഗ്ന വീഡിയോ കോള്‍ നടത്തിയ ശേഷം ഭീഷണിപ്പെടുത്തി ബത്തേരി സ്വദേശിയായ യുവാവില്‍നിന്നും അഞ്ചു ലക്ഷം രൂപ തട്ടിയെടുത്ത രാജസ്ഥാന് സ്വദേശിനി അറസ്റ്റില്‍. വയനാട് സൈബര്‍ പൊലീസ് ജയ്പുരില്‍ ചെന്നാണ് പ്രതിയെ പിടികൂടിയത്. രാജസ്ഥാനിലെ സവായ് മദേപൂര്‍ ജില്ലയിലെ ജെറവാദ എന്ന സ്ഥലത്തുള്ള മനീഷ മീണ (28) യെയാണ് ഇന്‍സ്പെക്ടര്‍ സുരേഷ് ബാബുവും സംഘവും പിടികൂടിയത്.
കേരളാ പൊലീസ് രാജസ്ഥാന് വരെയെത്തിയ ഞെട്ടലില്‍ യുവതി ഉടന്‍ തന്നെ യുവാവിന് തട്ടിയെടുത്ത തുക അയച്ചു നല്കി. 2023 ജൂലൈയിലാണ് യുവാവിനെ കബളിപ്പിച്ച് യുവതി പണം തട്ടിയെടുത്തത്. തട്ടിപ്പിനിരയായതിനെ തുടര്‍ന്ന് സൈബര്‍ പൊലീസില്‍ യുവാവ് നല്കിയ പരാതിയില്‍ കേസെടുത്ത് ഏഴ് മാസത്തോളം അന്വേഷണം നടത്തിയ ശേഷമാണ് യുവതി വലയിലാകുന്നത്.
പഞ്ചാബ് സ്വദേശിയുടെ പേരിലുള്ള സിം കാര്‍ഡില്‍ നിന്നും ടെലഗ്രാം അക്കൗണ്ട് തുടങ്ങിയ യുവതി, ബത്തേരി സ്വദേശിയായ യുവാവിനെ നഗ്ന വീഡിയോകോള്‍ ചെയ്ത ശേഷം ഭീഷണിപ്പെടുത്തുകയായിരുന്നു. വ്യാജ ബാങ്ക് അക്കൗണ്ടുകള്‍ വഴിയാണ് പണം സ്വീകരിച്ചത്.
അപരിചിതരുടെ അക്കൗണ്ടുകളില്‍ നിന്നും വരുന്ന റിക്വസ്റ്റുകളും വീഡിയോ കോളുകളും സ്വീകരിക്കുന്നവരാണ് ഇത്തരത്തില്‍ തട്ടിപ്പിനിരകളാവുന്നതെന്ന് സൈബര്‍ പൊലീസ് പറഞ്ഞു.
