അപ്പര്‍ കുട്ടനാട്ടില്‍ ജലനിരപ്പ് ഉയരുന്നു; നിരവധി വീടുകള്‍ വെള്ളത്തില്‍ മുങ്ങി

എറണാങ്കുളം: കനത്ത മഴയും കിഴക്കന്‍ വെള്ളത്തിന്റെ വരവും വര്‍ദ്ധിച്ചതോടെ അപ്പര്‍ കുട്ടനാട്ടില്‍ ജലനിരപ്പ് ഉയരുന്നു. പമ്പ, മണിമല, അച്ചന്‍കോവിലാറുകള്‍ കര കവിഞ്ഞതോടെ നിരവധി വീടുകള്‍ വെള്ളത്തില്‍ മുങ്ങി. കുട്ടനാട്, അപ്പര്‍ കുട്ടനാട് മേഖലയിലെ അഞ്ച് പഞ്ചായത്തുകളില്‍ വെള്ളക്കെട്ട് രൂക്ഷം.ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ധത്തിന്റെയും സ്വാധീന ഫലമായി കഴിഞ്ഞ അഞ്ച് ദിവസമായി തുടരുന്ന കനത്ത മഴയിലും കിഴക്കന്‍ വെള്ളത്തിന്റെ വരവ് വര്‍ദ്ധിച്ചതുമാണ് അപ്പര്‍ കുട്ടനാട്ടില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നത്.മൂന്ന് ദിവസത്തിനുള്ളില്‍ പ്രധാന നദികളിലെ ജലനിരപ്പ് അഞ്ചടിയോളം ഉയര്‍ന്നിട്ടുണ്ട്.പ്രധാന നദികള്‍ കരകവിഞ്ഞതോടെ നദീതീര പ്രദേശത്തേയും താഴ്ന്ന പ്രദേശങ്ങളിലേയും വീടുകള്‍ വെള്ളത്തില്‍ മുങ്ങി. മുട്ടാര്‍ പഞ്ചായത്തില്‍ നിരവധി വീടുകളാണ് വെള്ളത്തിലായത്. തലവടി പഞ്ചായത്തിലെ കുന്നുമ്മാടി – കുതിരച്ചാല്‍ പ്രദേശത്തെ നിരവധി വീടുകളില്‍ വെള്ളം കയറി.കാലവര്‍ഷം ശക്തി പ്രാപിക്കുന്നതിന് മുന്‍പേ കുട്ടനാട്ടില്‍ ജലനിരപ്പ് ഉയര്‍ന്നിരുന്നു. മിക്ക പഞ്ചായത്തിലും ക്യാമ്പുകള്‍ ആരംഭിച്ചു.തലവടി പഞ്ചായത്തില്‍ ചക്കുളത്തുകാവ് ഓഡിറ്റോറിയത്തില്‍ 15 കുടുംബങ്ങളില്‍ നിന്ന് 68 അംഗങ്ങളും, മണലേല്‍ സ്‌കൂള്‍, തലവടി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍, തകഴിയില്‍ തകഴി ദേവസ്വം ബോര്‍ഡ് സ്‌കൂളില്‍ 8 കുടുംബങ്ങളില്‍ 30 അംഗങ്ങള്‍, കരുമാടി ഡി.ബി. എച്ച്, എസില്‍ 5 കൂടുംങ്ങളില്‍ 23 അംഗങ്ങള്‍, മുട്ടാര്‍ പഞ്ചായത്തില്‍ മുട്ടാര്‍ സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ 15 കുടുംബങ്ങളില്‍ 43 അംഗങ്ങള്‍, വീയപുരം പഞ്ചായത്തില്‍ വീയപുരം ഹയര്‍ സെക്കന്ററി സ്‌കൂളില്‍ 6 കുടുംബങ്ങള്‍ 24 അംഗങ്ങള്‍, പായിപ്പാട് എല്‍.പി സ്‌കൂള്‍ 5 കുടുംബങ്ങള്‍ 11 അംഗങ്ങളും എത്തിയിട്ടുണ്ട്.
നിരവധി കുടുംബങ്ങള്‍ ക്യാമ്പ് തേടി എത്തിക്കൊണ്ടിരിക്കുകയാണ്. എടത്വയില്‍ ക്യാമ്പിന്റെ പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. നിരണം പടിഞ്ഞാറേ ഭാഗം, മുട്ടാര്‍, തലവടി, എടത്വാ, വീയപുരം, തകഴി പഞ്ചായത്തിലാണ് വെള്ളക്കെട്ട് രൂക്ഷമായിരിക്കുന്നത്.കുട്ടനാട്ടിലെ പ്രധാന പാതകള്‍ ഉള്‍പ്പെടെ ഇടറോഡുകള്‍ വെള്ളത്തില്‍ മുങ്ങി.
ഇന്നലെ മുതല്‍ അമ്പലപ്പുഴ – തിരുവല്ല സംസ്ഥാന പാതയില്‍ നെടുംമ്പ്രം, തകഴി കേളമംഗലം ജംങ്ഷന്‍ എന്നിവിടങ്ങളില്‍ വെള്ളം കയറിയിട്ടുണ്ട്.കെഎസ്ആര്‍ടിസി ബസ് സര്‍വ്വീസ് നിലച്ചില്ലെങ്കിലും ചെറു വാഹനങ്ങളുടെ സര്‍വ്വീസ് നിലച്ചിട്ടുണ്ട്.തായങ്കരി – കൊടുപ്പുന്ന റോഡില്‍ വേഴപ്ര കുരിശ്ശടിക്ക് സമീപത്തും പടപ്പില്‍ മുട്ട് ഭാഗത്തും, നീരേറ്റുപുറം – കിടങ്ങാ റോഡില്‍ മുട്ടാര്‍ ജംങ്ഷന് സമീപത്തും വെള്ളം കയറിയിട്ടുണ്ട്.
അമ്പലപ്പുഴ – തിരുവല്ല സംസ്ഥാന പാതയും എ.സി റോഡും തമ്മില്‍ ബന്ധിപ്പിക്കുന്ന കെ.എസ്.ആര്‍.ടി.സി സര്‍വ്വീസുകള്‍ വ്യാഴാഴ്ച മുതല്‍ നിര്‍ത്തിവെച്ചിരുന്നു.തലവടി കോടമ്പനാടി ഭാഗം ഏറെക്കുറെ മുങ്ങിയ അവസ്ഥയാണ്.നദീതിരങ്ങളിലും പാടശേഖര നടുവിലും താമസിക്കുന്നവര്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ്.കിഴക്കന്‍ വെള്ളത്തിന്റെ വരവ് നിലയ്ക്കാത്തതും കനത്ത മഴയും ആശങ്ക കൂട്ടുകയാണ്.
ഇന്നലെ രാവിലെ മുതല്‍ ജില്ലയില്‍ കനത്ത മഴയാണ് രേഖപ്പെടുത്തിയത്.പത്തനംതിട്ടയിലെ കക്കി, പമ്പാ ഡാമുകളുടെ വൃഷ്ടിപ്രദേശങ്ങളിലെ കനത്ത മഴ ആശങ്ക വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *