ഇന്ത്യന്‍ ബഹിരാകാശ ഗവേഷകനായ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ല ഉള്‍പ്പെടെ നാലുപേരുടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള യാത്ര വീണ്ടും വൈകും
സ്പേസ് എക്സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റില്‍ കണ്ടെത്തിയ സാങ്കേതിക തകരാറാണ് വിക്ഷേപണം മാറ്റിവെക്കാൻ കാരണം. അതേസമയം നാളെ വീണ്ടും വിക്ഷേപണം നടന്നേക്കുമെന്നും റിപ്പോർട്ടുകള്‍ വ്യകതമാക്കുന്നു.
ആക്സിയം-4 ദൗത്യം ജൂണ്‍ 10ന് നടക്കേണ്ടിയിരുന്നെങ്കിലും, ഫാല്‍ക്കണ്‍ 9 റോക്കറ്റിന്റെ സ്റ്റാറ്റിക് ഫയർ ടെസ്റ്റിനിടെ ലിക്വിഡ് ഓക്സിജൻ (LOx) ചോർച്ച കണ്ടെത്തിയതിനെ തുടർന്ന് വിക്ഷേപണം ഇന്നത്തേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ ഇന്ന് നടത്താനിരുന്ന വിക്ഷേപണവും മാറ്റിവെക്കുകയായിരുന്നു. റോക്കറ്റിന്റെ അഞ്ചാം എഞ്ചിനില്‍ ലിക്വിഡ് ഓക്സിജൻ ചോർച്ചയും ത്രസ്റ്റ് വെക്ടർ കണ്‍ട്രോള്‍ (TVC) പ്രശ്നവും കണ്ടെത്തിയെന്നാണ് സ്പേസ് എക്സിന്റെ വൈസ് പ്രസിഡന്റ് ഓഫ് ബില്‍ഡ് ആൻഡ് റിലയബിലിറ്റി വില്യം ഗെർസ്റ്റൻമയർ വ്യക്തമാക്കിയത്.
ചോർച്ച മുമ്ബ് ഈ ബൂസ്റ്ററില്‍ ഉണ്ടായിരുന്നെങ്കിലും പരിഹരിക്കപ്പെട്ടിരുന്നില്ല. ഇതിനെ മറികടക്കാൻ ഒരു പർജ് സംവിധാനം ഘടിപ്പിക്കുകയും ബന്ധപ്പെട്ട ഘടകങ്ങള്‍ മാറ്റിസ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ, ഡ്രാഗണ്‍ ബഹിരാകാശ പേടകത്തിന്റെ ഫ്ലൈറ്റ് പാത്തില്‍ പ്രതീക്ഷിക്കപ്പെട്ട പ്രതികൂല കാലാവസ്ഥയും വിക്ഷേപണം മാറ്റിവെക്കുന്നതിന് ഒരു കാരണമായി. നാസ, ആക്സിയം സ്പേസ്, സ്പേസ് എക്സ് എന്നിവർ സംയുക്തമായിട്ടാണ് ദൗത്യം മാറ്റിവെക്കാനുള്ള തീരുമാനം എടുത്തത്.
ആക്സിയം-4 ദൗത്യം ഹൂസ്റ്റണ്‍ ആസ്ഥാനമായുള്ള ആക്സിയം സ്പേസിന്റെ നാലാമത്തെ മനുഷ്യ ബഹിരാകാശ ദൗത്യമാണ്. നാസ, ഐ എസ് ആർ ഒ, യൂറോപ്യൻ സ്പേസ് ഏജൻസി (ESA) എന്നിവയുമായുള്ള സഹകരണത്തിന്റെ ഭാഗമായിട്ടാണ് ദൗത്യ നടക്കുന്നത്. ദൗത്യത്തില്‍ ഇന്ത്യയില്‍ നിന്നുള്ള ശുഭാംശു ശുക്ലയ്ക്ക് പുറമെ, പോളണ്ടില്‍ നിന്നുള്ള സ്ലാവോസ് ഉസ്നാൻസ്കി, ഹംഗറിയില്‍ നിന്നുള്ള ടിബോർ കാപു, മുൻ നാസ ബഹിരാകാശ സഞ്ചാരിയും ആക്സിയം സ്പേസിന്റെ ഹ്യൂമൻ സ്പേസ്ഫ്ലൈറ്റ് ഡയറക്ടറുമായ പെഗ്ഗി വിറ്റ്സണ്‍ എന്നിവരും ഉള്‍പ്പെടുന്നു.
പെഗ്ഗി വിറ്റ്സണ്‍ ഈ ദൗത്യത്തിന്റെ കമാൻഡറായും ശുഭാംശു ശുക്ല പൈലറ്റായും പ്രവർത്തിക്കും
