സ്വര്‍ണം വീണ്ടും പഴയ പ്രതാപം തിരിച്ചുപിടിച്ചു. റെക്കോര്‍ഡ് വിലയിലേക്ക് കുതിക്കുകയാണ് സ്വര്‍ണം. രണ്ട് ദിവസങ്ങള്‍ക്കിടെ 1300 രൂപയോളം വര്‍ധിച്ചു. വരും ദിവസങ്ങളിലും വില കൂടാനുള്ള സാധ്യതയാണ് വിപണിയിലുള്ളത്.
അമേരിക്കന്‍ ഡോളര്‍ മൂല്യം ഇടിയാന്‍ തുടങ്ങി. ക്രൂഡ് ഓയില്‍ വില വന്‍ കുതിപ്പിലാണ്. ആഗോള സ്വര്‍ണവിലയും ഉയരുന്നു. നിക്ഷേപകര്‍ കൂട്ടത്തോടെ സ്വര്‍ണത്തിലേക്ക് തിരിയുകയാണ്. ഇതിന്റെ പ്രതിഫലനമാണ് കേരളത്തിലെ സ്വര്‍ണത്തിന്റെ കുതിപ്പ്. എങ്കിലും കേരളത്തില്‍ ഇന്ന് വെള്ളിയുടെ വില മാറിയിട്ടില്ല.
കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം പവന് 640 രൂപയാണ് ഇന്ന് വര്‍ധിച്ചിരിക്കുന്നത്. ഗ്രാമിന് 80 രൂപയും കൂടി. അതായത്, ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 72800 രൂപയും ഗ്രാമിന് 9100 രൂപയുമായി. ആഭരണം വാങ്ങുമ്പോള്‍ ഒരു പവന്‍ സ്വര്‍ണത്തിന് 79000 രൂപയ്ക്ക് അടുത്ത് ചെലവ് വരും.
18 കാരറ്റിലെ സ്വര്‍ണത്തിന് 22 കാരറ്റിലെ വിലയുമായി തട്ടിച്ചുനോക്കുമ്പോള്‍ കുറവാണ്. എങ്കിലും ഈ പരിശുദ്ധിയിലുള്ള സ്വര്‍ണവിലയും തുടര്‍ച്ചയായി കൂടുകയാണ്. ഇന്ന് ഗ്രാമിന് 65 രൂപയാണ് കൂടിയിരിക്കുന്നത്. ഒരു ഗ്രാമിന്റെ പുതിയ വില 7465 രൂപയും പവന് 59720 രൂപയുമാണ്. ആഭരണം വാങ്ങുമ്പോള്‍ 65000 രൂപ വരെ ചെലവ് വരുമെന്ന് പ്രതീക്ഷിക്കാം.
അമേരിക്കയുടെ ഡോളര്‍ സൂചിക ഇടിയുകയാണ്. 98.39 എന്ന നിരക്കിലാണ് സൂചിക. 85.44 ആണ് രൂപയുടെ വിനിമയ മൂല്യം. ക്രൂഡ് ഓയില്‍ വില പറക്കുകയാണ്. യുദ്ധഭീതിയുടെ സാഹചര്യത്തില്‍ 70 ഡോളറിലേക്ക് അടുക്കുകയാണ് ബ്രെന്റ് ക്രൂഡ് വില. രാജ്യാന്തര സ്വര്‍ണവില 3372 ഡോളറിലെത്തിയിട്ടുണ്ട്. ഇനിയും വില കൂടുമെന്നാണ് പ്രവചനങ്ങള്‍.
