മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് രാഷ്ട്രീയ പോരട്ടമാണ്. യു.ഡി.എഫും എല്‍.ഡി.എഫും തമ്മിലുള്ള രാഷ്ട്രീയ പോരാട്ടമാണ് നടക്കുന്നത്. സര്‍ക്കാരിന്റെ ഒന്‍പത് വര്‍ഷക്കാലത്തെ പ്രവര്‍ത്തനങ്ങള്‍ ഈ തിരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യണമെന്ന് യു.ഡി.എഫ് ആഗഹിക്കുന്നു. എന്നാല്‍ എല്‍.ഡി.എഫ് രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്നില്ല. പകരം പച്ചയ്ക്ക് വര്‍ഗീയത പറയുന്നു. ഭരണവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറയണം. ഏഴ് ചോദ്യങ്ങള്‍ വിനയപൂര്‍വ്വം മുഖ്യമന്ത്രിയോട് ചോദിക്കുന്നു. നിലമ്പൂരില്‍ നിന്ന് പോകുന്നതിന് മുന്‍പ് ഏഴ് ചോദ്യങ്ങള്‍ക്കും മുഖ്യമന്ത്രി മറുപടി പറയണം.
1. സംസ്ഥാനത്ത് 2016 മുതല്‍ നാളിതുവരെ മലയോര ജനത വന്യജീവി ആക്രമണങ്ങളുടെ ദുരിതത്തിലാണ്. വന്യ ജീവി ആക്രമണത്തില്‍ സംസ്ഥാനത്ത് ആയിരത്തോളം പേര് കൊല്ലപ്പെട്ടിട്ടും എണ്ണായിരത്തില്‍ അധികം പേര്‍ക്ക് പരിക്കേറ്റിട്ടും സര്‍ക്കാര്‍ ചെറുവിരല്‍ അനക്കിയില്ല. പരമ്പരാഗത മോ ആധുനികമോ ആയ ഒരു പ്രതിരോധ മാര്‍ഗവും സ്വീകരിക്കാതെ എന്തുകൊണ്ട് സര്‍ക്കാര്‍ നിഷ്ക്രിയത്വം പാലിക്കുന്നു? കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവ് പ്രകാരം അപകടകാരികളായ മൃഗങ്ങളെ കൊല്ലാന്‍ സംസ്ഥാനത്തിന് അധികാരം ഉണ്ടായിട്ടും എന്തുകൊണ്ട് ചെയ്തില്ല?
2. എസ് സി എസ് ടി വിഭാഗങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്കി വരുന്ന സഹായം കഴിഞ്ഞ മൂന്നുവര്‍ഷമായി വര്‍ധിപ്പിക്കാത്ത എക സംസ്ഥാനമാണ് കേരളം. എസ് സി വിഭാഗങ്ങള്‍ക്ക് കഴിഞ്ഞ വര്‍ഷത്തെ പ്ലാന്‍ ഫണ്ടില്‍ നിന്നും 500 കോടി രൂപയും എസ് ടി വിഭാഗങ്ങള്‍ക്ക് 120 കോടി രൂപയും വെട്ടിക്കുറച്ചു. പട്ടികജാതി പട്ടിക വര്‍ഗ വിഭാഗങ്ങളോട് ഇത്രയും ക്രൂരമായി പെരുമാറുന്നത് എന്തിന് ?
3. മെഡിക്കല്‍ സര്‍വീസസ് കോര്പ്പറേഷന് കോടികള്‍ കൊടുക്കാനുള്ളത് കൊണ്ട് ആശുപത്രികളില്‍ മരുന്നില്ല. സിവില്‍ സപ്ലെസ് കോര്പ്പറേഷന് കോടികള്‍ കൊടുക്കാന്‍ ഉള്ളത് കൊണ്ട് മാവേലി സ്റ്റോറില്‍ സബ്സിഡി സാധനമില്ല. ക്ഷേമ പെന്‍ഷനുകളും ക്ഷേമനിധി ബോര്‍ഡിന് നിന്നുള്ള സഹായവും മുടങ്ങി. ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും കോടികള്‍ കൊടുക്കാനുണ്ട്. മൂന്ന് തവണ വൈദ്യുതി ചാര്‍ജ് കൂട്ടി. ലൈഫ് മിഷന് പദ്ധതി ഇഴഞ്ഞാണ് നീങ്ങുന്നത്. കാരുണ്യ പദ്ധതി നിലച്ചു. സാമ്പത്തിക പ്രതിസന്ധി ഇല്ലെന്ന് പറഞ്ഞിട്ട് ഇത്രയധികം ജനദ്രോഹ നടപടികള്‍ ഒന്നിച്ച് ചെയ്യാന്‍ ഒരു സര്‍ക്കാരിന് എങ്ങനെ കഴിയുന്നു?
4. സര്‍ക്കാരിന്റെ നേട്ടമായി കൊട്ടിലോഷിച്ച ദേശീയപാത നൂറ്റി അന്‍പതില്‍ പരം സ്ഥലങ്ങളില്‍ തകര്‍ന്ന് വീണിട്ടും / അഴിമതി ഉണ്ടായിട്ടും / ക്രമക്കേട് ഉണ്ടായിട്ടും സര്‍ക്കാരിന് ഒരു പരാതിയും ഇല്ലാത്തത് എന്തുകൊണ്ട്? ഡല്‍ഹിയില്‍ പോയി കേന്ദ്രമന്ത്രിയെ കണ്ട് സമ്മാനപ്പെട്ടി കൊടുത്ത്, പൊന്നാട അണിയിച്ച് അദരിച്ചു. ബി.ജെ.പി – സി.പി.എം ധാരണയല്ലേ ഒരു പരാതിയും ഇല്ലാത്തതിന് പിന്നില്‍?
5. തുച്ഛമായ ഓണറേറിയത്തിനു ജോലിചെയ്യുന്ന ആശാവര്‍ക്കര്‍മാര്‍ വേതനം വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചില്ല. അവരോട് ക്രൂരമായി പെരുമാറുന്നു. മന്ത്രിമാര്‍ അടക്കമുള്ളവര്‍ അവരെ അപമാനിക്കുന്നു. നിങ്ങള്‍ എന്നാണ് മുതലാളിമാര്‍ ആയത്? പി.എസ്.സി ചെയര്‍മാന്റെ ശമ്പളം നാല് ലക്ഷത്തില്‍ അധികമാക്കി. അംഗങ്ങള്‍ക്ക് മൂന്ന് ലക്ഷത്തില്‍ അധികമാക്കി. പെന്‍ഷനും വര്‍ദ്ധിപ്പിച്ചു. മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയ ടീമിന് ശമ്പളം വര്‍ദ്ധിപ്പിച്ച് ഉത്തരവിറക്കി. 12 പേര്‍ക്ക് ഒരു മാസത്തില്‍ 80 ലക്ഷം രൂപയില്‍ അധികം വേണം. സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യാന്‍ പ്രതിപക്ഷ നേതാവിന് ഒരു രൂപ പോലും ചിലവില്ല. എന്നിട്ടും ആശ വര്‍ക്കര്‍മാര്‍ക്ക് ഒരു രൂപ പോലും കൂട്ടില്ല എന്ന നിലപാട് എന്തിനാണ്?
6. സംസ്ഥാനത്ത് റബ്ബറിനെ താങ്ങുവില കിലോയ്ക്ക് 250 രൂപ ആക്കുമെന്ന പ്രകടനപത്രികാ പ്രഖ്യാപനം നടപ്പാകാത്തത് എന്ത് ? നെല്ലിന്റെ താങ്ങുവിലയിലെ സംസ്ഥാന വിഹിതം ക്രമാതീതമായി കുറയ്ക്കുകയാണ് ചെയ്യുന്നത്. നാളികേര സംഭരണം എന്ത് കൊണ്ട് നടക്കുന്നില്ല? കര്‍ഷകരെ രക്ഷിക്കാന്‍ ഒരു നടപടിയും സ്വീകരിക്കാത്തത് എന്തുകൊണ്ട്?
7. സംസ്ഥാനത്തെ ലഹരിയുടെ ഹബ്ബാക്കി എന്നത് മാത്രമല്ലേ സര്‍ക്കാരിന്റെ നേട്ടം. അതിന്റെ ഉത്തരവാദിത്തം സര്‍ക്കാരിനാണ്. ലഹരി മാഫിയക്ക് രാഷ്ട്രീയ രക്ഷകര്‍ത്തിത്വം നല്‍കിയത് സി.പി.എമ്മല്ലേ?
ജനജീവിതവുമായി ബന്ധപ്പെട്ട ഈ ഏഴ് ചോദ്യങ്ങള്‍ക്ക് ബഹുമാന്യനായ മുഖ്യമന്ത്രി മറുപടി പറയണം.
ജമാ അത്തെ ഇസ്ലാമിയെ ആദ്യം സ്വാഗതം ചെയ്തത് മുഖ്യമന്ത്രിയാണ്. അവരെ കാണാന്‍ തലയില്‍ മുണ്ടിട്ട് പോകേണ്ടെന്നു പറഞ്ഞതും പിണറായി വിജയനാണ്. എന്നിട്ട് പഴയതെല്ലാം മറന്ന് നിറം മാറുന്നു. മുഖ്യമന്ത്രി അവരെ സ്വാഗതം ചെയ്യുന്ന വീഡിയോ പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ ഞാന്‍ കാണിച്ചിരുന്നു. അത് തെറ്റാണെങ്കില്‍ എനിക്കെതിരെ കേസെടുക്കട്ടെ.
ഇക്കാര്യത്തില്‍ യു.ഡി.എഫില്‍ ഒരു ആശയക്കുഴപ്പവുമില്ല. ജനങ്ങള്‍ക്ക് സര്‍ക്കാരിനോടുള്ള എതിര്‍പ്പും വെറുപ്പും ചര്‍ച്ചയാകാതിരിക്കാനാണ് വെല്‍ഫയര്‍ പാര്‍ട്ടി വിഷയം ചര്‍ച്ചയാക്കാന്‍ ശ്രമിക്കുന്നത്. വിഷയം മാറ്റികൊണ്ട് പോകാന്‍ ശ്രമിച്ചാല്‍ അത് നടക്കില്ല.
തിരഞ്ഞെടുപ്പ് സമയത്ത് എന്റെ അടക്കം ഏത് വാഹനവും പരിശോധിക്കാം. അതില്‍ ഒരു തെറ്റുമില്ല. എന്നാല്‍ ഇവിടെ യു.ഡി.എഫ് നേതാക്കളുടെ വാഹനം തിരഞ്ഞ് പിടിച്ച് പരിശോധിച്ചു. അതിനെയാണ് എതിര്‍ത്തത്. പാലക്കാട്ടെ പോലെ വീണ്ടും പെട്ടിയുമായി ഇറങ്ങാന്‍ നോക്കണ്ട.
സംഘപരിവാര്‍ അജണ്ടയായ മലപ്പുറം വിരോധം മുഖ്യമന്ത്രി പറയുന്നത് ഡല്‍ഹിയില്‍ ഇരിക്കുന്ന സംഘപരിവാര്‍ ഏമാന്മാരെ സന്തോഷിപ്പിക്കാനാണ് . അത് ഡല്‍ഹിയില്‍ ചെന്ന് കത്തിപ്പടര്‍ത്താനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ വര്‍ഗീയ പ്രീണന നയം നടക്കുന്നു. സംഘപരിവാറിന് മുന്നില്‍ പഞ്ചപുച്ഛമടക്കി ഓച്ഛാനിച്ച് നില്‍ക്കുകയാണ് പിണറായി. എന്നിട്ട് സംഘപരിവാറിന്റെ അജണ്ട കേരളത്തില്‍ പറയുന്നു.
തിരുവനന്തപുരത്തെ ഒരു സ്വാമി എല്‍.ഡി.എഫിന് പിന്തുണ കൊടുത്തിട്ടുണ്ട്. സ്വാമിയുടെ പൂര്‍വാശ്രമം തിരുവനന്തപുരത്ത് തിരക്കി നോക്കണം. അപ്പോള്‍ അറിയാം. മറുഭാഗത്ത് പി.ഡി.പി പിന്തുണ. എന്നിട്ടാണ് വര്‍ഗീയ വാദികളുടെ വോട്ട് വേണ്ട എന്ന് മുഖ്യമന്ത്രി പറയുന്നത്. സി.പി.എമ്മിന്റെ കൂടെ നിന്നാല്‍ മതേതരവാദി. എതിര്‍ത്താല്‍ വര്‍ഗീയവാദി. അത് കയ്യില്‍ വച്ചാല്‍ മതി.
പാലസ്തീന് വിഷയത്തില്‍ കോണ്‍ഗ്രസിന് എന്നും ഒരേ നിലപാടാണ്. അത് പറയേണ്ട സമയത്ത് പറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രി ഇപ്പോള്‍ പാലസ്തീനെ കുറിച്ച് പറയുന്നത് നിലമ്പൂര്‍ സ്പെഷ്യല്‍ ആണ്. ലോക്സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഇതാദ്യമാണ് മുഖ്യമന്ത്രി പാലസ്തീന് എന്ന് പറയുന്നത്. നിലമ്പൂരിലെ രാഷ്ട്രീയ ബോധ്യമുള്ള ജനം ഇതെല്ലാം കാണുന്നുണ്ട്.
