നിലമ്പൂരില്‍ നാളെ കലാശക്കൊട്ട്; പരമാവധി വോട്ടുറപ്പിക്കാൻ മുന്നണികള്‍

മലപ്പുറം: നിലമ്പൂരില്‍ നാളെ പരസ്യപ്രചരണം അവസാനിക്കാനിരിക്കെ പരമാവധി വോട്ട് ഉറപ്പിക്കാനുള്ള ഊർജിത ശ്രമവുമായി മുന്നണികള്‍.

അവസാനഘട്ട പ്രചാരണവുമായി ഇന്ന് മുന്നണികള്‍ നിലമ്പൂരില്‍ സജീവമാകും. തെരഞ്ഞെടുപ്പിനെ യുഡിഎഫ് വർഗീയവല്‍ക്കരിച്ചെന്ന് ആരോപിച്ച്‌ എല്‍ഡിഎഫ്‌ ഇന്ന് മഹാകുടുംബസദസുകള്‍ സംഘടിപ്പിക്കും.

സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി ഉള്‍പ്പെടെ കുടുംബ സദസില്‍ പങ്കെടുക്കും. 46 കേന്ദ്രങ്ങളിലായി അരലക്ഷം പേരെ അണിനിരത്തുമെന്നാണ് എല്‍ഡിഎഫ് അവകാശപ്പെടുന്നത്. പ്രിയങ്ക ഗാന്ധിയുടെ പ്രചാരണത്തിന്‍റെ ആവേശത്തിലാണ് യുഡിഎഫ് ക്യാമ്പ്. പ്രിയങ്കയുടെ പരിപാടിയില്‍ കണ്ട ആള്‍ക്കൂട്ടം യുഡിഎഫിന് പ്രതീക്ഷ നല്‍കുന്നതാണ്.

ആര്യാടൻ ഷൗക്കത്തിനായി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ ഇന്ന് മണ്ഡലത്തില്‍ ക്യാമ്പ് ചെയ്തു പ്രചരണം നയിക്കും. വൈകിയാണെങ്കിലും യൂസഫ് പഠാന്‍റെ വരവോടെ പി വി അൻവറിന്‍റെ ക്യാമ്പും ആവേശത്തിലാണ്. ചുങ്കത്തറ എടക്കര പഞ്ചായത്തുകളില്‍ ആണ് ബിജെപി സ്ഥാനാർത്ഥിയുടെ പര്യടനം.

Leave a Reply

Your email address will not be published. Required fields are marked *