പൊതു- സ്വകാര്യ പങ്കാളിത്തത്തോടെയുള്ള സംരംഭമായ ഇൻകൽ 2024-25 സാമ്പത്തിക വർഷത്തിൽ 123.87 കോടി രൂപയുടെ റെക്കോഡ് വിറ്റുവരവാണ് കൈവരിച്ചതെന്ന് കമ്പനി ചെയർമാൻ കൂടിയായ മന്ത്രി പറഞ്ഞു. 23.53 കോടി രൂപ അറ്റാദായം ഉണ്ടാക്കാനും കമ്പനിക്ക് സാധിച്ചു. മുൻ വർഷത്തെ അപേക്ഷിച്ച് വിറ്റുവരവിലും അറ്റാദായത്തിലും ഗണ്യമായ വർദ്ധന ഉണ്ടായി.
തുടർച്ചയായ നാലാം വർഷവും കമ്പനി ലാഭത്തിൽ ആയതിനാൽ കഴിഞ്ഞ രണ്ടു വർഷത്തെ പോലെ മൂന്നാം വർഷവും ഡിവിഡന്റ് നൽകുന്നത് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.
ഐ ജി റ്റി പി എൽ, ഹൈലൈറ്റ് ഗ്രൂപ്പ് തുടങ്ങിയ വ്യവസായ വാണിജ്യ ഗ്രൂപ്പുകളുമായി ചേർന്നാണ് ഇൻകൽ ഈ പദ്ധതി വിഭാഗം ചെയ്യുന്നത്. ഇൻകലിന്റെ ഉടമസ്ഥതയിലുള്ള മലപ്പുറം ഗ്രീൻസ് വ്യവസായ പാർക്കിൽ 75 ഏക്കറിൽ 23.2 മെഗാ വാട്ട് സോളാർ വൈദ്യുതി പദ്ധതിക്കാണ് ആദ്യഘട്ടത്തിൽ തുടക്കമാകുന്നത്. മറ്റു പ്രമുഖ വ്യവസായ ഗ്രൂപ്പുകളുമായുള്ള ഗ്രൂപ്പ് ക്യാപിറ്റൽ മോഡൽ ചർച്ചകൾ പൂർത്തിയാകുന്ന മുറയ്ക്ക് കാസർകോട്, പാലക്കാട് ജില്ലകളിലും ഭൂമി വാങ്ങി പദ്ധതി വിപുലീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
കേരളത്തിന്റെ ഹരിത വികസനത്തിൽ വിപ്ലവം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പുനരുപയോഗ ഊർജ്ജ പദ്ധതികൾ, ലോജിസ്റ്റിക് , റോഡ്, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയ മേഖലകളിലായി 1135 കോടി രൂപയുടെ നിക്ഷേപദ്ധതികളാണ് ഇൻവെസ്റ്റ് കേരളയിൽ ഇൻകൽ വാഗ്ദാനം ചെയ്തത്. ഇതിന്റെ തുടർച്ചയാണ് പുനരുപയോഗ ഊർജ്ജ മേഖലയിലെ പുതിയ പദ്ധതി. ഗ്രൂപ്പ് ക്യാപ്റ്റീവ് മോഡലിലുള്ള ഇത്തരം ഒരു പദ്ധതി കേരളത്തിൽ തന്നെ ആദ്യമായാണ്.
