സ്വര്‍ണ വില വീണ്ടും കൂടി; ഇന്ന് പവന്ന് കൂടിയത് 360 രൂപ

കേരളത്തില്‍ സ്വര്‍ണവില കുതിപ്പ് തുടരുന്നു. ഇന്നലെ 840 രൂപ വര്‍ധിച്ച പിന്നാലെ ഇന്നും വില കൂടി. നിലവിലെ വിപണി സാഹചര്യം നില നിന്നാല്‍ വില കൂടാന്‍ തന്നെയാണ് സാധ്യത. എന്നാല്‍ ചില മാറ്റങ്ങള്‍ സംഭവിച്ചാല്‍ സ്വര്‍ണവില കുറയും. രണ്ടു ദിവസത്തിനിടെ 1000 രൂപയില്‍ അധികമാണ് വര്‍ധിച്ചിരിക്കുന്നത്. 22, 18 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് വില കൂടിയിട്ടുണ്ട്.

രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില കൂടിയതിന് പിന്നാലെയാണ് കേരളത്തിലും വില വര്‍ധിച്ചത്. അതേസമയം, ക്രൂഡ് ഓയില്‍ വിലയില്‍ ചാഞ്ചാട്ടം തുടരുകയാണ്. ഡോളര്‍ നിരക്ക് താഴ്ന്ന് നില്‍ക്കുന്നു.

കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 45 രൂപ വര്‍ധിച്ചു. 9065 രൂപയാണ് ഇന്നത്തെ ഗ്രാം വില. അതേസമയം, പവന് 360 രൂപ വര്‍ധിച്ച് 72520 രൂപയായി. എന്നാല്‍ 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 35 രൂപ വര്‍ധിച്ച് 7435 രൂപയിലെത്തി. പവന് 59480 രൂപയും. അന്തര്‍ദേശീയ വിപണിയില്‍ ഔണ്‍സ് വില 3340 ഡോറളിലെത്തി. കേരളത്തില്‍ വെള്ളി വില ഗ്രാമിന് 115 രൂപയില്‍ തുടരുകയാണ്.

ഡോളറിന്റെ മൂല്യം ഇടിഞ്ഞതാണ് സ്വര്‍ണവില ഉയരാന്‍ പ്രധാന കാരണം. ഡോളര്‍ സൂചിക 96 എന്ന നിരക്കിലെത്തിയിട്ടുണ്ട്. സമീപകാല ഡോളറിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇത്രയും മൂല്യം ഇടിയുന്നത്. ഡോളര്‍ മൂല്യം താഴുമ്പോള്‍ മറ്റു കറന്‍സികള്‍ ഉപയോഗിച്ച് കൂടുതല്‍ സ്വര്‍ണം വാങ്ങാന്‍ സാധിക്കും. ഇതോടെ സ്വര്‍ണവില ഉയരുകയും ചെയ്യും. ആവശ്യക്കാര്‍ ഏറുമ്പോള്‍ സ്വര്‍ണത്തിന് മാത്രമല്ല, ഏത് വസ്തുവിനും വില ഉയരും. ഡോളര്‍ മൂല്യം കൂടിയാല്‍ സ്വര്‍ണം താഴും.

Leave a Reply

Your email address will not be published. Required fields are marked *