സ്വര്‍ണം വീണ്ടും കയറുന്നു; ഇന്ന് പവന് ₹ 160 കൂടി

കേരളത്തില്‍ സ്വര്‍ണവിലയില്‍ മുന്നേറ്റം. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്കില്‍ നിന്നാണ് ഇന്ന് വര്‍ധിച്ചത്. ഡോളര്‍ മൂല്യം കുറഞ്ഞുവരുന്നതാണ് സ്വര്‍ണവില ഉയരാന്‍ കാരണമായി ചൂണ്ടിക്കാട്ടുന്നത്. അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണവില ഉയരുന്നുണ്ട്. ഇതേ ട്രെന്‍ഡ് തുടര്‍ന്നാല്‍ വരും ദിവസങ്ങളിലും വില കൂടിയേക്കും.

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപയാണ് വര്‍ധിച്ചത്. 72160 രൂപയാണ് ഇന്നത്തെ നിരക്ക്. ഗ്രാമിന് 20 രൂപ കൂടി 9020 രൂപയിലെത്തി. അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 15 രൂപ വര്‍ധിച്ച് 7395 രൂപയായി. വെള്ളിയുടെ വില 116 എന്ന നിരക്കില്‍ തുടരുകയാണ്. രാജ്യാന്തര വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 3320 ഡോളറായി ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം 3300ന് താഴേക്ക് വീണിരുന്നു.

ഇന്ന് ഡോളര്‍ സൂചിക 97.41 എന്ന നിരക്കിലേക്ക് ഇടിഞ്ഞു. ഇതോടെ മറ്റു കറന്‍സികളുടെ മൂല്യം വര്‍ധിച്ചു. ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് 85.61 ആയിട്ടുണ്ട്. സ്വര്‍ണവിലയില്‍ ഡോളര്‍ നിരക്ക് സുപ്രധാനമാണ്. ഡോളറിന്റെ മൂല്യം കുറയുമ്പോള്‍ മറ്റു കറന്‍സികള്‍ ഉപയോഗിച്ച് സ്വര്‍ണം വാങ്ങുന്നവരുടെ എണ്ണം കൂടും. അതാണ് ഡോളര്‍ താഴുമ്പോള്‍ സ്വര്‍ണവില കൂടാന്‍ കാരണം.
ക്രൂഡ് ഓയില്‍ വില ബാരലിന് 70 ഡോളറില്‍ നില്‍ക്കുകയാണ്. ഓഹരി വിപണികള്‍ നേരിയ മുന്നേറ്റം നടത്തുന്നുണ്ട്. ബിറ്റ് കോയിന്‍ വില കുതിക്കുകയാണ് എന്നതും ഇന്നത്തെ വിപണിയിലെ പ്രധാന വാര്‍ത്തയാണ്.

Leave a Reply

Your email address will not be published. Required fields are marked *