കേരളത്തില്‍ സ്വര്‍ണവില വര്‍ധിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വില ഉയര്‍ന്നു വരികയാണ്.
കേരളത്തില്‍ ജൂലൈയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണവില. ഒരു പവന്‍ സ്വര്‍ണത്തിന് 73240 രൂപയാണ് ഇന്ന് നല്‍കേണ്ടത്. 22 കാരറ്റ് ഗ്രാമിന് 15 രൂപ കൂടി 9155 രൂപയായി. 15 കാരറ്റ് സ്വര്‍ണം ഗ്രാമിനും 15 രൂപ കൂടി 7505 രൂപയിലെത്തി. അതേസമയം, വെള്ളിയുടെ വില വന്‍തോതില്‍ കുതിക്കുന്നുണ്ട്. ഗ്രാമിന് ഇന്ന് രണ്ട് രൂപ വര്‍ധിച്ച് 124 രൂപയിലെത്തി. കേരളത്തിലെ സര്‍വകാല റെക്കോര്‍ഡ് വെള്ളി വിലയാണിത്.
രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില കുതിക്കുകയാണ്. ഔണ്‍സ് സ്വര്‍ണത്തിന് 3365 വരെ ഉയര്‍ന്ന ശേഷം 3357 ഡോളറിലേക്ക് താഴ്ന്നു. ഇനിയും വില കൂടുമെന്നാണ് കരുതുന്നത്. പരമാവധി വിലയില്‍ എത്തി എന്ന് തോന്നിയാല്‍ നിക്ഷേപകര്‍ സ്വര്‍ണം വിറ്റ് ലാഭം കൊയ്യാന്‍ ശ്രമിക്കും. അങ്ങനെ മാറ്റം സംഭവിക്കുമ്പോഴാണ് സ്വര്‍ണവില കുറയുക.
കേരളത്തില്‍ ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പവന്‍ വില 72000 രൂപയാണ്. അതുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ന് 1240 രൂപയുടെ വര്‍ധനവാണുള്ളത്. കഴിഞ്ഞ മാസം സമാനമായ രീതിയില്‍ വിലയില്‍ ചാഞ്ചാട്ടം സംഭവിച്ചു എങ്കിലും ആദ്യാവസാന കണക്കുകള്‍ നോക്കിയപ്പോള്‍ വലിയ വ്യത്യാസമുണ്ടായിരുന്നില്ല.
ഡോളര്‍ നിരക്ക് മുന്നേറുന്നത് സ്വര്‍ണം വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്ക് പ്രതീക്ഷയാണ്. ഡോളര്‍ മൂല്യം കൂടുമ്പോള്‍ സ്വര്‍ണവില കുറയുകയാണ് സാധാരണ സംഭവിക്കുക. ഇന്ന് ഡോളര്‍ സൂചിക 97.96 എന്ന നിരക്കിലാണ്. ഡോളറുമായുള്ള രൂപയുടെ വിനിമയ നിരക്ക് 86 ആയിട്ടുണ്ട്. രൂപ മൂല്യം കുറയുകയാണ് ചെയ്തിരിക്കുന്നത്. ഇത് പ്രവാസികള്‍ക്ക് നേട്ടമാണ്.
