ഭീകരതയ്‌ക്കെതിരെ ഏതറ്റം വരെയും പോകുന്ന മോദിയുടെ പുതിയ ഇന്ത്യയാണിതെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്.

ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ചുള്ള ചർച്ചകള്‍ക്ക് തുടക്കമിട്ട് ലോക്സഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ ഇന്ന് പ്രതിരോധ മേഖലയില്‍ സ്വയംപര്യാപ്തമാണെന്നും, സൗഹൃദത്തിനും സമാധാനത്തിനുമായി എങ്ങനെ കൈനീട്ടണമെന്നും, വഞ്ചന കാണിക്കുന്ന കൈകള്‍ എങ്ങനെ പിഴുതെറിയണമെന്നും നമുക്കറിയാമെന്ന് രാജ്‌നാഥ് സിങ് ലോക്സഭയില്‍ പറഞ്ഞു.

ഇന്ത്യ എല്ലാ രാഷ്ട്രീയ, സൈനിക ലക്ഷ്യങ്ങളും നേടിയെടുത്തുവെന്നും എന്നാല്‍ ഏതെങ്കിലും സമ്മർദ്ദത്തിനു വഴങ്ങിയാണ് ഓപ്പറേഷൻ സിന്ദൂർ നിർത്തിവച്ചതെന്ന് പറയുന്നത് തികച്ചും അടിസ്ഥാനരഹിതമാണെന്നും പ്രതിരോധ മന്ത്രി വ്യക്തമാക്കി. ഇന്ത്യയുടെ എല്ലാ സേനകളുടെയും കൃത്യമായ ഏകോപനത്തിന്റെ മികച്ച ഉദാഹരണമാണ് ഓപ്പറേഷൻ സിന്ദൂർ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“പാകിസ്ഥാനെതിരായ നമ്മുടെ ആക്രമണം സ്വയം പ്രതിരോധത്തിനായിരുന്നു. അതൊരിക്കലും പ്രകോപനപരമായിരുന്നില്ല. 26 പേരുടെ മരണത്തിനിടയാക്കിയ പഹല്‍ഗാം ആക്രമണത്തിനു മറുപടി നല്‍കാൻ സായുധ സേനകള്‍ക്ക് പൂർണ്ണ സ്വാതന്ത്ര്യം നല്‍കിയിരുന്നു. എല്ലാ വശങ്ങളും ശ്രദ്ധാപൂർവ്വം പഠിച്ച ശേഷമായിരുന്നു ഇന്ത്യൻ സൈന്യം ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത്. പാകിസ്ഥാനിലെ സാധാരണക്കാർക്ക് യാതൊരു അപകടവും ഉണ്ടാകാതിരിക്കാൻ, ഭീകര കേന്ദ്രങ്ങള്‍ മാത്രമാണ് ലക്ഷ്യമിട്ടതെന്ന് നമ്മള്‍ ഉറപ്പുവരുത്തി.

സുസംഘടിതമായ ആക്രമണങ്ങളില്‍, ഇന്ത്യൻ സായുധ സേന കൃത്യമായി ഒമ്ബത് ഭീകര കേന്ദ്രങ്ങള്‍ ആക്രമിച്ചു. ലഷ്കർ-ഇ-തൊയ്ബയുമായി ബന്ധമുള്ള പരിശീലകരും ഹാൻഡ്‌ലർമാരും ഉള്‍പ്പെടെ 100-ലധികം ഭീകരരെ ഓപ്പറേഷനില്‍ ലക്ഷ്യംവച്ചു. ഭീകരരെ അവരുടെ വീടുകളില്‍ എത്തി നമ്മള്‍ കൊലപ്പെടുത്തി. നമ്മുടെ അമ്മമാരുടെയും സഹോദരിമാരുടെയും സിന്ദൂരത്തിന് നമ്മള്‍ പ്രതികാരം ചെയ്തു,” രാജ്‌നാഥ് സിങ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *