അതിവേഗം വളരുന്ന വ്യോമയാന മേഖലയിൽ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും വ്യോമയാന മേഖലയിലുടനീളം നവീകരണം പരിപോഷിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് കേരളത്തെ ദേശീയ, പ്രാദേശിക വ്യോമയാന മേഖലയുടെ കേന്ദ്ര സ്ഥാനത്ത് എത്തിക്കുക എന്ന ലക്ഷ്യത്തോടെ, കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ) ഫിക്കിയുടെ സഹകരണത്തോടെ പ്രഥമ കേരള ഏവിയേഷൻ സമ്മിറ്റ് സംഘടിപ്പിക്കുന്നു.
ആഗസ്റ്റ് 23, 24 തീയതികളിൽ താജ് കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ഹോട്ടലിലാണ് ദ്വിദിന ഏവിയേഷൻ സമ്മിറ്റ് സംഘടിപ്പിക്കുന്നത്. അതിവേഗം കുതിക്കുന്ന ഏവിയേഷൻ മേഖലയുടെ പ്രധാന ഹബ്ബായി കേരളം മാറുന്ന പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ കരട് ഏവിയേഷൻ നയം തയ്യാറാക്കിയിരുന്നു.
ഏവിയേഷൻ മേഖലയിലെ തന്ത്രപ്രധാന മാറ്റങ്ങൾ, നയരൂപീകരണം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയവ സമ്മേളനം ചർച്ച ചെയ്യും.
23 ന് രാവിലെ ഒൻപതരയ്ക്ക് സമ്മേളനത്തിന് തുടക്കമാകും. സിയാൽ എം ഡി എസ് സുഹാസ് ആമുഖ പ്രസംഗം നടത്തും.
കേരളത്തിലെ വ്യോമയാന സൗകര്യങ്ങളും നിക്ഷേപക സാധ്യതകളും പ്രയോജനപ്പെടുത്തുക, കേരളത്തെ ആഗോള, പ്രാദേശിക ഏവിയേഷൻ, ലോജിസ്റ്റിക്സ് ഹബായി മാറ്റുക, ഡ്രോണുകൾ, ഡിജിറ്റൽ എയർ ട്രാവൽ, എം ആർ ഓ ഇക്കോ സിസ്റ്റം എന്നിവയെ കുറിച്ച് കൂടുതൽ അവബോധമുണ്ടാക്കാക എന്നിവയാണ് ഏവിയേഷൻ സമ്മിറ്റിലൂടെ ലക്ഷ്യമിടുന്നത്.
