ജെല്ലിക്കെട്ട്: പനീര്‍ശെല്‍വം പ്രധാനമന്ത്രിയെ കാണും

ചെന്നൈ: ജെല്ലിക്കെട്ട് നിരോധിച്ച സുപ്രീംകോടതി വിധിക്കെതിരേ തുടര്‍ച്ചയായ മൂന്നാം ദിവസവും ചെന്നൈ മറീന ബീച്ചില്‍ ആയിരങ്ങളുടെ പ്രതിഷേധം. പ്രതിഷേധം അണപൊട്ടുന്ന പശ്ചാത്തലത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണും. ജെല്ലിക്കെട്ടിനെതിരായ നിരോധനം നീക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ എല്ലാ വഴികളും തേടുമെന്ന് കഴിഞ്ഞ ദിവസം പനീര്‍ശെല്‍വം പ്രതിഷേധക്കാര്‍ക്ക് ഉറപ്പു നല്കിയിരുന്നു.

സമരത്തെത്തുടര്‍ന്ന് ഇന്ന് തമിഴ്‌നാട്ടിലെ കോളജുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളാണ് സമരം ശക്തമാക്കുന്നതിനു ചുക്കാന്‍ പിടിച്ചത്. ജെല്ലിക്കെട്ട് വീരവിളയാട്ട് എന്ന പേരില്‍ ഫേസ്ബുക്കില്‍ പേജ് രൂപപ്പെട്ടിരുന്നു. ലെറ്റ് അസ് ബി യുണൈറ്റഡ്, വി വാണ്ട് ജെല്ലിക്കെട്ട്, ഐ സപ്പോര്‍ട്ട് ജെല്ലിക്കെട്ട് തുടങ്ങിയ പേരുകളില്‍ ഹാഷ് ടാഗ് ആക്ടിവിസവും പ്രക്ഷോഭത്തിന് ആക്കം കൂട്ടി.

ജെല്ലിക്കെട്ടിന് ഓര്‍ഡിനന്‍സിലൂടെ അംഗീകരാം നല്കണമെന്നാണ് ഇവരുടെ ആവശ്യം. പീപ്പിള്‍ ഫോര്‍ എത്തിക്കല്‍ ട്രീറ്റ്‌മെന്റ് ഓഫ് ആനിമല്‍സ് (പെറ്റ) എന്ന സംഘടനയാണ് ജെല്ലിക്കെട്ട് നിരോധിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. പെറ്റയ്‌ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *