റോഡ് സുരക്ഷാവാരം: സംസ്ഥാനതല ഉദ്ഘാടനം ഒമ്പതിന്

കൊച്ചി: റോഡ് സുരക്ഷവാരത്തിന്റെ ഭാഗമായി കേരള റോഡ് സുരക്ഷ അതോറിട്ടിയും സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പും ചേര്‍ന്നു സംഘടിപ്പിക്കുന്ന വിവിധ ബോധവത്കരണ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം ജനുവരി ഒമ്പതിന് വൈകിട്ട് മൂന്നിന് കളമശേരിയില്‍ ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിര്‍വഹിക്കും. കളമശേരി സെന്റ്‌പോള്‍സ് കോളേജ് അങ്കണത്തില്‍ നടക്കുന്ന പരിപാടിയില്‍ പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് അധ്യക്ഷത വഹിക്കും. ഗതാഗത കമ്മീഷണര്‍ ടോമിന്‍ ജെ. തച്ചങ്കരി സ്വാഗതം പറയും. സുപ്രീംകോടതി നിയോഗിച്ചിട്ടുള്ള ദേശീയ റോഡ് സുരക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് കെ. എസ്. രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും. ജനുവരി പത്തുമുതല്‍ 16 വരെയാണു വാരാചരണമെന്നു ഡപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ കെ. ജി. സാമുവേല്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ നേതൃത്വത്തില്‍ റോഡ് സുരക്ഷ കാരിക്കേച്ചര്‍ പെയിന്റിംഗ്, തിരുവാതിര, ഓട്ടന്‍തുള്ളല്‍, തെരുവുനാടകം, ബോധവത്കരണ ക്ലാസ്, ഹ്രസ്വചിത്ര പ്രദര്‍ശനം, ഹാര്‍ലി ഡേവിഡ്‌സണ്‍ മോട്ടോര്‍സൈക്കിളിന്റെ സുരക്ഷിത ബൈക്ക് ഉപയോഗ സന്ദേശറാലി എന്നിവയും ഉദ്ഘാടനത്തോടനുബന്ധിച്ചു നടക്കും. റോഡ് സുരക്ഷ പദ്ധതിയുടെ ഭാഗമായി ആരംഭിച്ച തേര്‍ഡ് ഐ 2015 ഫോട്ടോഗ്രഫി പരിപാടിയുടെ സമാപന സമ്മേളനം ജനുവരി എട്ടിന് വൈകീട്ട് മൂന്നിന് കുസാറ്റ് സെമിനാര്‍ കോംപ്ലക്‌സില്‍ നടത്തുമെന്നു ഡപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു. കുസാറ്റിലെ എന്‍എസ്എസ് ക്ലബിന്റെ സന്നദ്ധ പ്രവര്‍ത്തകരായ 60 കുട്ടികള്‍ റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ പെരിയാറിന്റെ സഹകരണത്തോടെണ് പരിപാടി സംഘടിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *