ദളിത് വിദ്യാര്‍ഥികള്‍ക്ക് യൂത്ത് ലീഗിന്റെ ഐക്യദാര്‍ഢ്യം

മലപ്പുറം: ചാതുര്‍വര്‍ണ്യത്തിന്റെ പുനപ്രതിഷ്ഠ എന്ന രഹസ്യ അജണ്ടയാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ രാജ്യത്ത് നടപ്പാക്കുന്നതെന്നും ഇതിനെതിരെ ജനകീയ മുന്നേറ്റത്തിന് സമയമായെന്നും മുസ്ലിംയൂത്ത്‌ലീഗ് മലപ്പുറത്ത് സംഘടിപ്പിച്ച ഐക്യദാര്‍ഢ്യ സംഗമം അഭിപ്രായപ്പെട്ടു. ദലിത് വിമോചന സമര പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംഘടിപ്പിച്ച സംഗമം ജനപങ്കാളിത്തംകൊണ്ട് ഏറെ ശ്രദ്ധേയമായി. ദലിത് ചിന്തകനും എഴുത്തുകാരനുമായ കെ.കെ കൊച്ച് സംഗമം ഉദ്ഘാടനം ചെയ്തു. സമരങ്ങളിലൂടെയും സഹനങ്ങളിലൂടെയും തച്ചുടച്ച സവര്‍ണമേധാവിത്വത്തിന്റെ ഇരുണ്ട ഭൂതകാലത്തിലേക്ക് രാജ്യത്തെ കൊണ്ടെത്തിക്കുകയെന്ന ലക്ഷ്യം നടപ്പാക്കാന്‍ മോദി സര്‍ക്കാറും സംഘപരിവാര്‍ ശക്തികളും നടത്തിയ നരബലികളുടെ അവസാനത്തെ ഇരയാണ് ഹൈദരാബാദ് സര്‍വകലാശാലയിലെ ഗവേഷണ വിദ്യാര്‍ഥിയെന്ന് കെ.കെ കൊച്ച് പറഞ്ഞു. വിദ്യാഭ്യാസത്തിലൂടെ ന്യൂനപക്ഷങ്ങളും ദലിത് വിഭാഗങ്ങളും ഉന്നതിയിലേക്കുയരുമ്പോള്‍ തങ്ങളുടെ സ്ഥാപിത താല്‍പര്യങ്ങള്‍ തകരുമെന്ന ഭീതിയാണ് വര്‍ഗീയ സംഘര്‍ഷങ്ങള്‍ അഴിച്ചുവിടുന്നതിന് ഇവരെ പ്രേരിപ്പിക്കുന്നത്. അധികാരത്തിന്റെ ഗര്‍വില്‍ നടത്തുന്ന നരനായാട്ടുകള്‍ക്ക് മോദി കനത്ത വില നല്‍കേണ്ടിവരുമെന്നും പ്രക്ഷോഭങ്ങളെ എക്കാലത്തും അടിച്ചമര്‍ത്താനാവില്ലെന്നും കഴിഞ്ഞ കാല ചരിത്രം തന്നെയാണ് ഇതിന് സാക്ഷിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദലിതരുടെയും ഗോത്രവര്‍ഗങ്ങളുടെയും വോട്ടുകള്‍ നേടി അധികാരത്തിലേറിയ ഒരു സര്‍ക്കാര്‍ തങ്ങള്‍ എന്നും ദലിത് വിരുദ്ധരും അംബേദ്കര്‍ വിരുദ്ധരുമാണെന്ന് തെളിയിച്ചിരിക്കുകയാണെന്ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മലയാള വിഭാഗം അസി.പ്രഫ. എം.ബി മനോജ് പറഞ്ഞു. മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മുമ്പെങ്ങുമില്ലാത്ത വിധം ന്യൂനപക്ഷങ്ങളും ദലിതരും വേട്ടയാടപ്പെടുമ്പോള്‍ കലാലയങ്ങളില്‍ നിന്നും പ്രതിഷേധങ്ങളുയരുമെന്നത് തീര്‍ച്ച. ജനാധിപത്യപരമായ പ്രതിഷേധങ്ങളേയും പ്രക്ഷോഭങ്ങളെയും അടിച്ചമര്‍ത്തി സ്വേച്ഛാധിപതിയായി വാഴുകയാണ് മോദിയുടെ പ്രഖ്യാപിത ലക്ഷ്യം. രാജ്യത്ത് ബഹുഭൂരിപക്ഷംവരുന്ന ജനങ്ങള്‍ ഭീതിയുടെ നിഴലിലാണ്. ഭക്ഷണം കഴിക്കാനുള്ള സ്വാതന്ത്യത്തിനായി പോലും പ്രക്ഷോഭ നടത്തേണ്ട ഗതികേടിലാണ് രാജ്യം ചെന്നെത്തിയിരിക്കുന്നതെന്നും രാജ്യത്തിന്റെ ഐക്യത്തിനും സമാധാനത്തിനും വീണ്ടുമൊരു പ്രക്ഷോഭത്തിന് സമയമായെന്നും അദ്ദേഹം പറഞ്ഞു. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, പി.ഉബൈദുല്ല എം.എല്‍.എ, എ.പി ഉണ്ണികൃഷ്ണന്‍, സി.പി.എ അസീസ്, അഷ്‌റഫ് മാടാന്‍, നൗഷാദ് മണ്ണിശ്ശേരി, മുജീബ് കാടേരി, വി.ടി സുബൈര്‍ തങ്ങള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

സ്മൃതി ഇറാനി സാക്ഷാല്‍ മനുസ്മൃതി ഇറാനി: പി.എം സാദിഖലി

മലപ്പുറം: ദളിത്, ന്യൂനപക്ഷ വിഭാഗങ്ങള്‍ ജനാധിപത്യത്തിന്റെ സത്താണെന്നും അവരെ  അടിച്ചമര്‍ത്തി ഒരു സര്‍ക്കാറിനും മുന്നോട്ടു പോകാനാവില്ലെന്നും  മുസ്ലിം യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് പി.എം സാദിഖലി പറഞ്ഞു. ദലിത് വിമോചനത്തിനായി പ്രക്ഷോഭവുമായി രംഗത്തിറങ്ങിയ വിദ്യാര്‍ഥികള്‍ക്ക് ഐക്യാദര്‍ഢ്യവുമായി മുസ്ലിംയൂത്ത്‌ലീഗ് മലപ്പുറത്ത് സംഘടിപ്പിച്ച സംഗമത്തില്‍ അധ്യക്ഷതവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്മൃതി ഇറാനി സാക്ഷാല്‍ മനുസ്മൃതി ഇറാനിയാണെന്ന് സ്വയം തെളിയിച്ചിരിക്കുകയാണ്. മനുസ്മൃതി പുനസ്ഥാപിക്കാനാണ് സമൃതി ഇറാനിയും കൂട്ടരും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഹൈദരാബാദ് സര്‍വകലാശാലയില്‍  എ.ബി.വി.പി യുമായുള്ള സംഘട്ടനത്തെ തുടര്‍ന്ന് ദളിത് വിദ്യാര്‍ഥികള്‍ക്കെതിരെ നടപടിയെടുക്കാന്‍ തൊഴില്‍ മന്ത്രി ബന്ധാരു ദത്താത്രേയ ആവശ്യപ്പെട്ടപ്പോള്‍ അടിക്കടി അഞ്ചുതവണയാണ് സ്മൃതി ഇറാനി ഹൈദരാബാദ് സര്‍വകാലാശാല വി.സിക്ക് കത്തെഴുതിയത്. മാനുഷിക വിഭവ ശേഷിയില്‍ ലോകത്ത് വന്‍ശക്തിയായി മാറിയ ഒരു ജനാധിപത്യ രാജ്യത്ത് മാനവവിഭശേഷി വകുപ്പിന്റെ തലപ്പത്ത് സ്മൃതി ഇറാനിയെപ്പോലുള്ള വര്‍ഗീയവാദികള്‍ കുടിയിരിക്കുന്നത് അപമാനകരമാണെന്നും ആര്‍.എസ്.എസിന്റെ  വെറും നോക്കുകുത്തിയാണ് സീരിയല്‍ നടിയായ ഈ മന്ത്രിയെന്നും അദ്ദേഹം പറഞ്ഞു.  സ്വന്തം ജീവന്‍ ബലിനല്‍കി രോഹിത് ഉയര്‍ത്തിവിട്ട പ്രതിഷേധത്തിന്റെ കൊടുങ്കാറ്റ് രാജ്യത്താകമാനം ആഞ്ഞടിക്കുമെന്നും അധികാരികള്‍ ഇതിന് മറുപടിപറയേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Leave a Reply

Your email address will not be published. Required fields are marked *