ഗവര്‍ണര്‍ പി സദാശിവത്തെ മാറ്റാന്‍ ബിജെപി സമ്മര്‍ദം; ഭിന്നത

തിരുവനന്തപുരം: ഗവര്‍ണര്‍ പി സദാശിവത്തെ മാറ്റാന്‍ ബിജെപി സംസ്ഥാനഘടകം കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുന്നുവെന്ന് സൂചന. കണ്ണൂരിലെ രാഷ്ട്രീയ സംഘര്‍ഷത്തില്‍ സിപിഎമ്മിനും സംസ്ഥാന സര്‍ക്കാരിനുമെതിരെ കേന്ദ്രത്തിനു റിപ്പോര്‍ട്ട് നല്‍കാന്‍ ഗവര്‍ണര്‍ തയ്യാറാകാത്തതാണു കാരണം. എന്നാല്‍ ബിജെപിയുടെ രാഷ്ട്രീയ സമ്മര്‍ദത്തിനു വഴങ്ങി ഭൂരിപക്ഷമുള്ള സംസ്ഥാന സര്‍ക്കാരിനെതിരെ റിപ്പോര്‍ട്ട് നല്‍കാന്‍ തയ്യാറല്ലെന്നാണ് ഗവര്‍ണറുടെ നിലപാട് എന്നാണ് സൂചന.

ബിജെപി സംസ്ഥാന നേതൃത്വം തുടര്‍ച്ചയായി തന്നെ പരസ്യമായി വിമര്‍ശിക്കുന്നതില്‍ ഗവര്‍ണര്‍ അസ്വസ്ഥനാണത്രേ. മുമ്ബ് ശോഭാ സുരേന്ദ്രന്‍ ഗവര്‍ണര്‍ക്കെതിരെ അതിരൂക്ഷ ഭാഷയില്‍ പ്രസംഗിച്ചിരുന്നു. കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍തന്നെ ഗവര്‍ണര്‍ക്കെതിരെ രംഗത്തു വന്നു. ഗവര്‍ണര്‍ സ്വന്തം ഉത്തരവാദിത്തം നിര്‍വഹിക്കുന്നില്ലെന്നായിരുന്നു വിമര്‍ശനം.

അതിനു തുടര്‍ച്ചയായി കണ്ണൂര്‍ വിഷയം സംസാരിക്കാന്‍ ഗവര്‍ണറെ കാണുന്നുമുണ്ട്. ഈ കൂടിക്കാഴ്ചയില്‍ ബിജെപി കേരളഘടകത്തിന്റെ അതൃപ്തി അറിയിക്കുമെന്നാണ് സൂചന. എന്നാല്‍ പൊതുസമ്മേളനത്തിലും പ്രസ്താവനയിലും ഉപയോഗിക്കുന്ന കടുത്ത ഭാഷ കൂടിക്കാഴ്ചയില്‍ ഉപയോഗിക്കാനാകാത്തതുകൊണ്ട് നിവേദനത്തിലെ ഉള്ളടക്കത്തില്‍ ഒതുങ്ങിനിന്നായിരിക്കും സംഭാഷണം എന്നും അറിയുന്നു.

കണ്ണൂരിന്റെ പേരില്‍ ഏതുവിധവും സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കാനും സംസ്ഥാന സര്‍ക്കാരിനെ കേന്ദ്രത്തെക്കൊണ്ട് പിരിച്ചുവിടീക്കാനും ബിജെപി കേരള ഘടകം നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് ഗവര്‍ണര്‍ക്കെതിരായ കടന്നാക്രമണവും എന്നാണ് വിലയിരുത്തപ്പെടുന്നത്. ദേശീയ തലത്തില്‍ത്തന്നെ ബിജെപി കണ്ണൂരും സിപിഎം വിരുദ്ധ രാഷ്ട്രീയവും ഏറ്റെടുത്തെങ്കിലും അത് ഒടുവില്‍ അവര്‍ക്കുതന്നെ തിരിച്ചടിയാകുന്നതാണു കണ്ടത്.

സിപിഎം കേന്ദ്ര കമ്മിറ്റി ഓഫീസിനെതിരായ ആക്രമണവും ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ ആക്രമിക്കാനുള്ള ശ്രമവും മറ്റും ദേശീയതലത്തില്‍ ബിജെപിക്കും സംഘപരിവാര്‍ സംഘടനകള്‍ക്കും എതിരായി മാറിയിരുന്നു. അതിനേത്തുടര്‍ന്ന് ഇടവേളയ്ക്കു ശേഷമാണ് വീണ്ടും കണ്ണൂരിന്റെ പേരില്‍ ബിജെപി ഇറങ്ങിത്തിരിച്ചത്. അതിന് ശ്രദ്ധ കിട്ടാന്‍കൂടിയാണ് ഗവര്‍ണര്‍ക്കെതിരെ രൂക്ഷ ഭാഷ പ്രയോഗിക്കുന്നതെന്നാണ് സിപിഎം കരുതുന്നത്.

കാര്യങ്ങള്‍ തങ്ങളുടെ വഴിക്കു വരുന്നില്ലെങ്കില്‍ അതിനു പൂര്‍ണമായി കൂട്ടുനില്‍ക്കുന്ന ആരെയെങ്കിലും ഗവര്‍ണറാക്കണമെന്നാണത്രേ ബിജെപിയുടെ ആഗ്രഹം. എന്നാല്‍ അത്തരം നീക്കങ്ങള്‍ തിരിച്ചടിയാകുമെന്ന് ഉപദേശിക്കുന്ന നേതാക്കളും കേരള ബിജെപിയിലുണ്ട്. മുന്‍ അധ്യക്ഷന്‍ വി മുരളീധരന്റെ നേതൃത്വത്തിലുള്ള വിഭാഗം ഗവര്‍ണര്‍ക്കെതിരായ നീക്കത്തിനും ഭൂരിപക്ഷമുള്ള സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന സമ്മര്‍ദത്തിനും എതിരാണെന്നു സൂചനയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *