കോണ്‍ഗ്രസ് എം.എല്‍.എ തല്ലി, വനിതാ പൊലീസ് തിരികെയും തല്ലി

ശിംല: കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന ചടങ്ങില്‍ കടത്തി വിടാത്തതില്‍ പ്രതിഷേധിച്ച് വനിതാ എം.എല്‍.എ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരിയെ തല്ലി. അടികൊണ്ട പൊലീസുകാരി ഒട്ടും താമസിക്കാതെ എം.എല്‍.എയെ തിരികെ തല്ലുകയും ചെയ്തു.

ഹിമാചല്‍ പ്രദേശ് മുന്‍മുഖ്യമന്ത്രി വീരഭദ്ര സിംഗിന്റെ അനന്തരവളും കോണ്‍ഗ്രസ് നിയമസഭാംഗവുമായ ആശാ കുമാരിയാണ് പൊലീസുകാരിക്ക് അടികൊടുത്ത് തിരികെ വാങ്ങിയത്. തിരഞ്ഞെടുപ്പ് അവലോകനത്തിനായി എത്തിയ രാഹുല്‍ ഗാന്ധിയെ കാണാനാണ് ഇവര്‍ ഷിംലയിലെ കോണ്‍ഗ്രസ് ആസ്ഥാനത്തെത്തിയത്. എന്നാല്‍ അതീവ സുരക്ഷയുള്ള പ്രദേശത്തേക്ക് ആരെയും കടത്തിവിടില്ലെന്ന് ഓഫീസിന് പുറത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ അറിയിച്ചതോടെ തര്‍ക്കമായി. ഇതിനിടയിലാണ് ആശ പൊലീസുകാരിയെ കൈ നീട്ടി കരണത്ത് അടിച്ചത്. എന്നാല്‍ ഒരു നിമിഷം പോലും പകച്ച് നില്‍ക്കാതെ പൊലീസുകാരി തിരിച്ചും അടിക്കുകയായിരുന്നു. സംഭവങ്ങള്‍ നടക്കുമ്‌ബോള്‍ രാഹുല്‍ ഗാന്ധി ഓഫീസിനുള്ളില്‍ ഉണ്ടായിരുന്നു.

അതേസമയം, പ്രശ്‌നം നടന്ന ഉടനെ താന്‍ പൊലീസുകാരിയോട് മാപ്പ് പറഞ്ഞതായി ആശാ കുമാരി പ്രതികരിച്ചു. ഓഫീസിന് മുന്നിലെത്തിയ തന്നെ പൊലീസുകാരി പിടിച്ചു തള്ളുകയും അസഭ്യം പറയുകയും ചെയ്തു. അവര്‍ കുറച്ച് കൂടി ആത്മനിയന്ത്രണം പാലിക്കണമായിരുന്നു. അവരുടെ അമ്മയുടെ പ്രായമുണ്ടെനിക്ക്. എന്നാലും താന്‍ ചെയ്തത് തെറ്റ് തന്നെയാണ്. നിര്‍വ്യാജം ഖേദിക്കുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *