ആര്‍.എസ്.എസ് തലവനെതിരെ കേസെടുക്കാതെ സര്‍ക്കാര്‍ ഒളിച്ചു കളിക്കുന്നു: കെ.പി.എ മജീദ്

കോഴിക്കോട്: ജില്ലാ മജിസ്‌ട്രേറ്റു കൂടിയായ ജില്ലാ കലക്ടറുടെ ഉത്തരവ് പോലും ലംഘിച്ചും നാഷണല്‍ ഫ്‌ളാഗ് ചട്ടം മറികടന്നും പാലക്കാട് കര്‍ണ്ണകിയമ്മാള്‍ സ്‌കൂളില്‍ ദേശീയ പതാകയുയര്‍ത്തിയ ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവതിനെതിരെ കേസ്സെടുക്കാതെ ഒളിച്ചു കളിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ ഏതാനും പേരെ ബലിയാടാക്കി ഒളിച്ചു കളിക്കുകയാണെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്.

സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ക്കും മാനേജര്‍ക്കും എതിരെ നടപടി എടുക്കാനാണ് പിണറായി നാലു മാസത്തിന് ശേഷം പൊതുവിദ്യാഭ്യാസ വകുപ്പിന് നിര്‍ദേശം നല്‍കിയത്. അപ്പോഴും കുറ്റം ചെയ്ത ആര്‍.എസ്.എസ് തലവനെതിരെ മൗനം പാലിക്കുകയാണ്. സര്‍ക്കാരിന് ആത്മാര്‍ത്ഥയുണ്ടെങ്കില്‍ ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവതിനെതിരെയാണ് കേസെടുക്കേണ്ടത്. ജില്ലാ കലക്ടറുടെ നിരോധന ഉത്തരവ് മറികടന്ന് പതാകയുയര്‍ത്തിയ മോഹന്‍ ഭാഗവതിനെതിരെ അന്ന് നടപടിയെടുത്തില്ലെന്നു മാത്രമല്ല, ജില്ലാ കലക്ടറെ സ്ഥലം മാറ്റുകയായിരുന്നു.

ഇപ്പോള്‍ സ്‌കൂള്‍ മാനേജര്‍ക്കും പ്രധാനാധ്യാപകനുമെതിരെ നടപടിയെടുക്കാന്‍ വൈകിവന്ന ബോധോതയം പയ്യന്നൂര്‍ മനോജ് വധക്കേസില്‍ സി.പി.എം നേതാക്കളെ അറസ്റ്റ് ചെയ്തപ്പോഴുള്ള സമ്മര്‍ദ്ദ തന്ത്രം മാത്രമാണ്. കേരളത്തിലെ പൊലീസിനെ ആര്‍.എസ്.എസ് ആജ്ഞാനുവര്‍ത്തികളാക്കി മാറ്റിയെന്ന വിമര്‍ശനം ശരിവെക്കുന്നതാണ് നിയമ ലംഘനം സമ്മതിക്കുമ്‌ബോഴും ആര്‍.എസ്.എസ് തലവനെ തൊടാത്തത്.

മുസ്ലിംന്യൂനപക്ഷ വേട്ടക്കായി പൊലീസിനെ കയറൂരി വിടുമ്‌ബോള്‍ സ്വന്തം അണികളുടെ ജീവന്‍ പോലും രക്ഷിക്കാനാവാത്ത പരിതസ്ഥിതിയിലെത്തി. രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് പൊലീസിനെ നിഷ്‌ക്രിയമാക്കി നിയമവാഴ്ച തകര്‍ക്കുന്നത് അവസാനിപ്പിക്കണമെന്നും കെ.പി.എ മജീദ് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *