തിരുവനന്തപുരം: ഓഖി ദുരന്തബാധിതര്‍ക്കായി 100 കോടിയുടെ പാക്കേജ് നടപ്പാക്കുമെന്ന് ലത്തീന്‍ സഭ. ഓഖി ദുരിതബാധിതര്‍ക്കായി നടത്തിയ പ്രത്യേക പ്രാര്‍ത്ഥനക്ക് ശേഷം ബിഷപ്പ് ആര്‍ സൂസെപാക്യമാണ് പാക്കേജ് പ്രഖ്യാപിച്ചത്. അഞ്ച് വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തീകരിക്കുമെന്നും ബിഷപ്പ് അറിയിച്ചു.
ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍, വിവാഹ ധനസഹായം, ഭവന നിര്‍മാണം തുടങ്ങി അഞ്ചോളം പദ്ധതികള്‍ക്കായിരിക്കും സഭയുടെ പാക്കേജ് ഉപയോഗിക്കുക. ദുരന്തത്തില്‍ അകപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ഉപരിപഠനത്തിനും മറ്റുമായി മൂന്ന് കോടി മാറ്റി വെക്കും. അതിരൂപതയുടെ കീഴിലുള്ള സ്ഥാപനങ്ങളില്‍ അഞ്ച്? വര്‍ഷത്തേക്ക് ദുരിതബാധിതരുടെ കുടുംബങ്ങളിലുള്ളവര്‍ക്ക് ജോലി നല്‍കും.
ആദ്യ വര്‍ഷം 100 വീടുകള്‍ നിര്‍മിച്ച് നല്‍കും. അഞ്ച് ഏക്കറോളം വരുന്ന സ്ഥലത്ത് ടൗണ്‍ഷിപ്പുകള്‍ നിര്‍മിക്കും. 100 പെണ്‍കുട്ടികളുടെ വിവാഹം അതിരൂപതയുടെ പദ്ധതിപ്രകാരം നടത്തി കൊടുക്കുമെന്നും ബിഷപ്പ് അറിയിച്ചു.
