പോലീസ് വാഹനത്തില്‍ മര്‍ദനത്തിനിരയാവുകയും കേസിലകപ്പെടുകയും ചെയ്ത യൂത്ത് ലീഗ് പ്രവര്‍ത്തകനില്‍ നിന്നും കോടതി മൊഴിയെടുത്തു

കാഞ്ഞങ്ങാട്: പോലീസ് വാഹനത്തില്‍ ക്രൂരമായ മര്‍ദനത്തിനിരയാവുകയും കേസിലകപ്പെട്ട് ജയിലിലാവുകയും ചെയ്ത യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ പി വി ഹസിയില്‍ നിന്നും ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്ന് മജിസ്ട്രേറ്റ് കോടതി നേരിട്ട് മൊഴിയെടുത്തു. ബന്ധുവായ ആറങ്ങാടിയിലെ അബ്ദുര്‍ റഹ് മാന്റെ വിവാഹത്തിന് പോയി മടങ്ങുമ്ബോള്‍ അതുവഴി വന്ന പോലീസ് ജീപ്പ് നിര്‍ത്തി എസ്‌ഐയും പോലീസുകാരും ചാടിയിറങ്ങി ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ച്‌ കൈ പിന്നിലേക്ക് ലോക്ക് ചെയ്ത് ജീപ്പിലേക്ക് തള്ളിയിട്ടുവെന്നും തുടര്‍ന്ന് അസഭ്യം പറഞ്ഞതായും ഹസി മൊഴി നല്‍കി.

 

 

എസ്‌ഐ ജീപ്പിന്റെ പിറകില്‍ കയറി ചവിട്ടുകയും പോലീസുകാരന്‍ മൂക്കിനിടിക്കുകയും മര്‍ദിക്കുകയും ചെയ്തു. നീ ദാഇഷ് ഭീകരനല്ലേ എന്ന് ചോദിച്ചുകൊണ്ടായിരുന്നു ആറങ്ങാടി മുതല്‍ പോലീസ് സ്റ്റേഷന്‍ വരെ മര്‍ദ്ദനം തുടര്‍ന്നത്. പിന്നീട് ലോക്കപ്പിലേക്ക് വലിച്ചിട്ട് ഉടുമുണ്ടഴിക്കുകയും ചെയ്തു. മൂക്കില്‍ നിന്നും വായില്‍ നിന്നും ചോര വന്നപ്പോള്‍ ജില്ലാ ആശുപത്രിയില്‍ കൊണ്ടുപോയി പരിശോധിപ്പിച്ചു. പിറ്റേന്ന് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ കോടതിയിലും മര്‍ദ്ദനത്തെക്കുറിച്ച്‌ പരാതി പറഞ്ഞു. കോടതി നിര്‍ദ്ദേശപ്രകാരം വീണ്ടും പരിശോധനക്കായി കൊണ്ടുപോയി. ഡോക്ടര്‍ പരിശോധിച്ചപ്പോള്‍ പുറത്തും നടുവിനും ഇടതുവാരിയെല്ലിനും ചതവുള്ളതായി കണ്ടെത്തുകയും ചെയ്തതായി ഹസി മജിസ്ട്രേറ്റിന് നല്‍കിയ മൊഴിയില്‍ പറഞ്ഞു. ഈ കേസില്‍ സാക്ഷികളായ ഡോക്ടര്‍മാര്‍ പൊതുപ്രവര്‍ത്തകര്‍ എന്നിവരില്‍ നിന്നും ഈ മാസം 18ന് മൊഴിയെടുക്കും.

 

 

ഈ കേസില്‍ കൂട്ടുപ്രതിയാക്കിയ യുവാവിനെ ചൊവ്വാഴ്ച ചെന്നൈ വിമാനത്താവളത്തില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഡിസംബര്‍ 24ന് ഉച്ചക്ക് 2.30 മണിക്കാണ് ഹസിയെ പോലീസ് കസ്റ്റഡിയിലെടുത്ത് ക്രൂരമായി മര്‍ദ്ദിച്ച സംഭവം നടന്നത്. പൊതുമുതല്‍ നശിപ്പിക്കുന്നത് തടയല്‍ നിയമം, പോലീസ് വാഹനത്തിന് കല്ലെറിയല്‍ ഉള്‍പ്പെടെ നാലോളം കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *