വിശാല രാഷ്ട്രീയ ചേരിയുടെ പേരില്‍ തന്നെ കോണ്‍ഗ്രസ് അനുകൂലിയായി ചിത്രീകരിക്കുന്നു; യെച്ചൂരി

ന്യൂഡല്‍ഹി: സംഘപരിവാറിനെയും ബി.ജെ.പിയേയും എതിര്‍ക്കുന്നതിനായി അവതരിപ്പിച്ച വിശാല രാഷ്ട്രീയ ചേരിയുടെ പേരില്‍ തന്നെ കോണ്‍ഗ്രസ് അനുകൂലിയായി ചിത്രീകരിക്കുകയാണെന്ന് സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. താന്‍ കോണ്‍ഗ്രസ് അനുകൂലിയെന്നു പ്രചാരിപ്പിക്കുന്നത് ദുരുദ്ദേശ്യപരവും ബോധപൂര്‍വവുമാണെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. ഇന്ത്യന്‍ വനിതാ പ്രസ് കോര്‍ സംഘടിപ്പിച്ച മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ ജനങ്ങള്‍ക്കുവേണ്ടിയുള്ള പാര്‍ട്ടിയാണ് സി.പി.എം. ബദല്‍നയമാണ് രാജ്യത്തിനാവശ്യം. കരടു രാഷ്ട്രീയപ്രമേയം പി.ബി.യും കേന്ദ്രക്കമ്മിറ്റിയും ചര്‍ച്ച ചെയ്തു പാര്‍ട്ടി കോണ്‍ഗ്രസില്‍ വെയ്ക്കും. പരമോന്നതവേദിയായ പാര്‍ട്ടി കോണ്‍ഗ്രസില്‍ വിശദചര്‍ച്ച നടത്തി തീരുമാനമെടുക്കും. ഇക്കാര്യത്തില്‍ മാധ്യമങ്ങള്‍ക്ക് ആശങ്കവേണ്ട എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദലിത് നേതാവും ഗുജറാത്ത് എംഎല്‍എയുമായ ജിഗ്‌നേഷ് മേവാനിയുടെ റാലി തടയാന്‍ ശ്രമിച്ചത് ജനാധിപത്യവിരുദ്ധമാണ്. തെരുവുയുദ്ധത്തില്‍ മാന്യരായ ആര്‍ക്കും ജയിക്കാനാവില്ലയെന്നും യെച്ചൂരി അഭിപ്രായപ്പെട്ടു. ത്രിപുരയിലെ തിരഞ്ഞെടുപ്പുഫലം ബി.ജെ.പി.ക്ക് വാട്ടര്‍ലൂ യുദ്ധമായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *