ഗാന ഗന്ധര്‍വന് ഇന്ന് 78ാം പിറന്നാള്‍

സംഗീത ലോകത്തെ ഗാന ഗന്ധര്‍വന് ഇന്ന് 78ാം പിറന്നാള്‍. സംഗീതജ്ഞനായ അഗസ്റ്റിന്‍ ജോസഫിന്റെയും എലിസബത്തിന്റെയും മകനായി ഫോര്‍ട്ട് കൊച്ചിയില്‍ 1940 ജനുവരി പത്തിനാണ് കട്ടാശേരി ജോസഫ് യേശുദാസ് എന്ന കെജെ യേശുദാസിന്റെ ജനനം. ഞൊടിയിടയില്‍ സ്വരമാധുര്യം കൊണ്ട് മലയാളി മനസ്സുകളില്‍ ഗാന ഗന്ധര്‍വ്വനായി മാറുകയായിരുന്നു. എഴുപത്തിയെട്ടിന്റെ നിറവിലും സ്വരത്തിലുള്ള താളവും ഗാഭീര്യത്തിനും യാതൊരു മാറ്റവുമില്ലാതെ തുടരുന്നതും അത്ഭുതം തന്നെയെന്നു വേണം പറയാന്‍.

അരനൂറ്റാണ്ടിലേറെയായി മലയാളിയുടെ ചുണ്ടിലെയും മനസിലെയും ഈണമാണ് യേശുദാസ്. കേട്ട് തുടങ്ങിയിട്ട് അഞ്ചര പതിറ്റാണ്ടായെങ്കിലും ഇന്നും യേശുദാസെന്ന പേരിനപ്പുറം ഒരു സ്വര മാധുരി മലയാളി കേട്ടിട്ടില്ല. ആ ശബ്ദത്തിലൂടെ പിറന്ന ഒരു പാട്ടെങ്കിലും കേള്‍ക്കാതെ, ഓര്‍ക്കാതെ ഒരു ദിവസം പോലും കടന്ന് പോകില്ല നമ്മള്‍ മലയാളികള്‍.

ഇരുപത്തി രണ്ടാം വയസില്‍ 1961 ല്‍ കാല്‍പാടുകള്‍ എന്ന ചിത്രത്തിലൂടെ ശ്രീനാരായണഗുരുദേവന്റെ ‘ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വ്വരും’ എന്നാരംഭിക്കുന്ന നാലുവരി ശ്ലോകം പാടികൊണ്ടായിരുന്നു ചലച്ചിത്രരംഗത്ത് അദ്ദേഹം ഹരിശ്രീ കുറിച്ചത്. പിന്നീടിങ്ങോട്ട് 55 വര്‍ഷം നീണ്ട സംഗീത യാത്രയില്‍ പാടിത്തീര്‍ത്തത് എഴുപതിനായിരത്തിലേറെ ഗാനങ്ങള്‍. ഏഴു വട്ടം ദേശീയ ചലച്ചിത്ര പുരസ്‌കാരവും കേരള സംസ്ഥാന പുരസ്‌കാരം 43 പ്രാവശ്യവും അദ്ദേഹം നേടി.

Leave a Reply

Your email address will not be published. Required fields are marked *