ന്യൂ ഡല്‍ഹി > സൊഹ്റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി മുംബൈ ഹൈക്കോടതി മുന്‍ ജഡ്ജി. ഉന്നതരായ പലരേയും കുറ്റവിമുക്തരാക്കിയത് നീതിന്യായ വ്യവസ്ഥയുടെ പരാജയമെന്നും, കേസില്‍ പുനരന്വേഷണം വേണമെന്നും മുംബൈ ഹൈക്കോടതി മുന്‍ ജഡ്ജി അഭയ് എം തിപ്സെ. അമിത് ഷാ അടക്കമുള്ള പ്രതികളെയാണ് കുറ്റവിമുക്തരാക്കിയത്. ‘ഇന്ത്യന്‍ എക്സ്പ്രസ്’ ദിനപത്രത്തിന് നല്കിയ അഭിമുഖത്തിലാണ് തിപ്സെയുടെ വെളിപ്പെടുത്തല്‍.
ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ അടക്കമുള്ളവര്‍ പ്രതിയായ സൊഹ്റാബുദ്ദീന്‍ വ്യജഏറ്റുമുട്ടല്‍ കേസ് പരിഗണിച്ചിരുന്ന ജഡ്ജി ലോയയുടെ മരണത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്ന സാഹചര്യത്തിലാണ് നിര്‍ണായക വെളിപ്പെടുത്തല്‍. സൊഹ്റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് പുനപരിശോധിക്കണമെന്ന് മുംബൈ ഹൈക്കോടതി മുന്‍ ജഡ്ജി അഭയ് എം തിപ്സെ ആവശ്യപ്പെട്ടു.

അഭയ് എം തിപ്സെ
സാക്ഷികളില്‍ പലരേയും സമ്മര്‍ദത്തിനും ഭീഷണിക്കും വിധേയരാക്കിയിട്ടുണ്ട്. ഉന്നതരായ പലരേയും കുറ്റവിമുക്തരാക്കിയ നടപടി നീതിന്യായ വ്യവസ്ഥയുടെ പരാജയമാണെന്നും തപ്സെ കുറ്റപ്പെടുത്തി. ഒരു ദേശീയ ദിനപത്രത്തിന് നല്കിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തല്‍.
ഒരേ തെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തില്‍ ചില പ്രതികളെ ശിക്ഷിച്ചപ്പോള്‍ അമിത് ഷാ അടക്കമുള്ള പ്രതികളെ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി കുറ്റവിമുക്തരാക്കുകയുമാണ് ചെയ്തത്. സൊഹ്റാബുദ്ദീന്‍ കേസില്‍ വാദം കേട്ടിരുന്ന ജസ്റ്റിസ് ലോയയുടെ മരണത്തിന് ശേഷം വാദം കേട്ട ജസ്റ്റിസ് ഗോസവിയാണ് അമിത് ഷാ അടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയത്.
ലോയയുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീംകോടതി പരിഗണിക്കുന്ന സാഹചര്യത്തില്‍ ഏറെ നിര്‍ണായകമാണ് ജസ്റ്റിസ് തിപ്സെയുടെ വെളിപ്പെടുത്തല്‍.
