ന്യൂഡല്‍ഹി: നീരവ് മോഡിയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ ദാവോസ് യാത്ര പ്രതിപക്ഷത്തിന് കിട്ടിയ വലിയ വടിയായി മാറിയിരിക്കെ അതിന് ആക്കം കൂട്ടി വിദേശയാത്രകളില്‍ മോഡിക്കൊപ്പം പോകുന്നവരുടെ പേരുവിവരം മറച്ചുവെച്ചതും കേന്ദ്രസര്‍ക്കാരിന് തിരിച്ചടിയാകുന്നു. ദാവോസില്‍ മോഡിക്കൊപ്പം വജ്രരാജാവ് നീരവ് മോഡി നില്‍ക്കുന്ന ചിത്രം കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം പുറത്തു വിട്ടു.
പ്രമുഖ വ്യവസായികളും വിശിഷ്ട വ്യക്തികളും അകമ്ബടി സേവിക്കുന്ന ഇത്തരം യാത്രയില്‍ ഒപ്പം പോകുന്നവരുടെ വിവരം സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ വിസമ്മതിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ ഉയര്‍ന്ന ഒരു പരാതിയില്‍ സുരക്ഷാ പ്രശ്നമില്ലാത്ത സ്വകാര്യ വ്യക്തികളുടെ വിവരം ലഭ്യമാക്കണമെന്നാണ് അടുത്തിടെ കേന്ദ്ര വിവരാവകാശ കമ്മീഷന്‍ നല്‍കിയ നിര്‍ദേശം.
പ്രധാനമന്ത്രിയെ അനുഗമിക്കുന്നവരുടെ വിവരം വെളിപ്പെടുത്തണമെന്ന് വിവരാവകാശ നിയമം വ്യവസ്ഥ ചെയ്യുന്നില്ലെന്നായിരുന്നു പ്രധാനമന്ത്രിയുടെ ഓഫീസ് എടുത്ത നിലപാട്. എന്നാല്‍ മന്‍മോഹന്‍സിംഗിന്റെ കാലത്ത് വിവരം കിട്ടുമായിരുന്നെന്ന വാദം അംഗീകരിച്ച് 2014 മുതല്‍ 2017 വരെ പൊതുപണം കൊണ്ടു പ്രധാനമന്ത്രിക്കൊപ്പം വിദേശയാത്ര നടത്തിയവരുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തണമെന്നായിരുന്നു വിവരാവകാശ കമ്മീഷണര്‍ ആര്‍ കെ മാഥൂര്‍ നിര്‍ദേശിച്ചത്.
