കോഴിക്കോട്: കേരളത്തില്‍ പോലീസ് ക്രിമിനലുകളെ ഭയപ്പെടുകയാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കോഴിക്കോട് ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ ആക്രമണത്തിന് ഇരകളായവരെ സന്ദര്‍ശിച്ചശേഷമാണ് ഉമ്മന്‍ ചാണ്ടിയുടെ വിമര്‍ശനം.
കേരളം പോലൊരു സംസ്ഥാനത്ത് ഗര്‍ഭസ്ഥ ശിശുവിന് പോലും രക്ഷയില്ലാത്ത അവസ്ഥയാണ്. അക്രമത്തിനു ഇരകളാകുന്നവര്‍ക്ക് സംരക്ഷണം ഒരുക്കേണ്ട പോലീസ് ഇരകളെ ജാമ്യമില്ലാ വകുപ്പ് ചേര്‍ത്ത് ജയിലിലടച്ചിരിക്കുകയാണ്. പോലീസ് ക്രിമിനലുകളെ ഭയപ്പെടുകയാണ്. നിയമവാഴ്ച്ചയുടെ തകര്‍ച്ചയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. നിയമം നിയമത്തിന്റെ വഴിയ്ക്കെന്നു മുഖ്യമന്ത്രി പറയുന്പോള്‍, നിയമം ക്രിമിനലുകളുടെ വഴിയ്ക്കാണ് പോകുന്നത്- ഉമ്മന്‍ ചാണ്ടി കുറ്റപ്പെടുത്തി.
കണ്ണൂരിലും, വടകരയിലും, കോടഞ്ചേരിയിലും, ഉള്ളിയേരിയിലുമെല്ലാം സിപിഎം നടത്തിയ അക്രമപ്രവര്‍ത്തനങ്ങള്‍ അവരുടെ അസഹിഷ്ണുതയാണ് കാണിക്കുന്നത്. അധികാരത്തിന്റെ മറവില്‍ മനുഷ്യത്വരഹിതമായ കാര്യങ്ങളാണ് ചെയ്തുകൂട്ടുന്നതെന്നും ഉമ്മന്‍ ചാണ്ടി ആരോപിച്ചു.
