ദുബൈ: ശനിയാഴ്ച രാത്രി ദുബൈയില്‍ അന്തരിച്ച നടി ശ്രീദേവിയുടെ മൃതദേഹവുമായി വിമാനം ഇന്ത്യയിലേക്ക് പുറപ്പെട്ടു. ദുബൈ എയര്‍പോര്‍ട്ടില്‍ നിന്നും തിരിച്ച വിമാനം രാത്രി ഒമ്ബത് മണിയോടെ മുംബൈയില്‍ എത്തും. നേരത്തേ കേസ് നടപടികള്‍ അവസാനിപ്പിച്ച് മൃതദേഹം ദുബൈ പൊലീസ് ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തിരുന്നു. എംബാം നടപടികള്‍ പൂര്‍ത്തിയായ ശേഷമാണ് എയര്‍പോര്‍ട്ടിലേക്ക് കൊണ്ടുപോയത്.
അനില്‍ അംബാനിയുടെ ചാര്‍ട്ടര്‍ വിമാനത്തിലാണ് മൃതദേഹം ഇന്ത്യയിലെത്തിക്കുന്നത്. അര്ജുന് കപൂറും അദ്ദേഹത്തിന്റെ അനന്തരവന് സൗരഭ് മല്‍ഹോത്രയും ബോണി കപൂറിനൊപ്പം മൃതദേഹത്തെ അനുഗമിക്കും.അന്ധേരിയിലെ സെലിബ്രേഷന് സ്പോര്‍ട്സ് ക്ലബ്ബില്‍ മൃതദേഹം പൊതുദര്‍ശനത്തിനുവെക്കും. ആയിരക്കണക്കിന് ആരാധകരാണ് മുംബൈയിലെ കപൂര്‍ കുടുംബത്തിന്‍െറ വസതിക്ക് മുന്നില്‍ കാത്തിരിക്കുന്നത്.
ബര്‍ദുബായിയിലെ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം മൂന്നു ദിവസത്തെ അനിശ്ചിതത്വത്തിനു ശേഷമാണ് ബന്ധുക്കള്‍ക്ക് വിട്ടു നല്കാന് പബ്ലിക് പ്രൊസിക്യൂട്ടര്‍ അനുമതി നല്‍കിയത്. അനുമതി പത്രം കോണ്‍സുലേറ്റിലെത്തിച്ചതോടെ നടപടികള്‍ പൂര്‍ത്തിയായി.
ശ്രീദേവിയുടെ ഫോറന്‍സിക് റിപ്പോട്ടും മരണകാരണങ്ങളും പരിശോധിക്കുന്നതിന് പുതിയ മെഡിക്കല്‍ സംഘത്തെ നിയോഗിച്ചിരുന്നു. ശ്രീദേവിയുടെ തലയില്‍ ആഴത്തിലുള്ള മുറിവുണ്ടെന്ന് പുറത്തുവന്ന ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ പരിശോധനയില്‍ തലയിലുള്ള മുറിവല്ല മരണകാരണമെന്ന് കണ്ടെത്തിയതോടെ മൃതദേഹം വിട്ടു നല്കാന് പ്രൊസിക്യൂട്ടര്‍ അനുമതി നല്‍കുകയായിരുന്നു.

ശ്രീദേവിയുടേത് മുങ്ങിമരണമാണെന്ന് രേഖപ്പെടുത്തി കഴിഞ്ഞ ദിവസം ഡെത്ത് സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നു. പ്രൊസിക്യൂട്ടറുടെ അനുമതി ഒഴികെയുള്ള എല്ലാവിധ ക്ലിയന്‍സുകളും നേരത്തെ ശരിയാക്കിയിരുന്നു. റാസല്‍ഖൈമയില്‍ ബന്ധുവിെന്റ വിവാഹാഘോഷങ്ങളില്‍ പെങ്കടുക്കാനെത്തിയ ശ്രീദേവിയെ ശനിയാഴ്ച രാത്രി ഹോട്ടല്‍ മുറിയില്‍ ബാത്ത് ടബ്ബില്‍ ചലനമറ്റനിലയില്‍ കണ്ടെത്തുകയായിരുന്നു.
