കൊച്ചി: മട്ടന്നൂരില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് ബ്‌ളോക്ക് പ്രസിഡന്റ് ഷുഹൈബിനെ വധിച്ച കേസിന്റെ അന്വേഷണം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് സി.ബി.ഐ ഹൈക്കോടതിയില്‍ വ്യക്തമാക്കി. കോടതി പറയുകയാണെങ്കില്‍ അന്വേഷണം നടത്താന്‍ എതിര്‍പ്പില്ലെന്നും സി.ബി.ഐയുടെ അഭിഭാഷകന്‍ പറഞ്ഞു. ഷുഹൈബിന്റെ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നിലപാട് അറിയിച്ചത്.
അതേസമയം, അന്വേഷണത്തെ എതിര്‍ത്ത് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. സി.ബി.ഐ അന്വേഷണം സിംഗിള്‍ ബെഞ്ചിന്റെ അധികാര പരിധിയില്‍ വരുന്നതല്ലെന്ന് സര്‍ക്കാര്‍ വാദിച്ചു. ഷുഹൈബ് വധത്തിന് കാരണം രാഷ്ട്രീയ വിരോധമാണ്. കേസില്‍ പ്രതികളായവര്‍ ഷുഹൈബിനെ മുന്പ് മര്‍ദ്ദിച്ചിരുന്നു. ഇതിന്റെ വിരോധത്താലാണ് ഷുഹൈബിനെ വധിച്ചതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
