മലപ്പുറം: പത്തുവയസ്സുകാരിയായ പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച മഞ്ചേരി മുനിസിപ്പല്‍ കൗണ്‍സിലര്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് മഹിളാ അസോസിയേഷന് നഗരസഭയിലേക്ക് മാര്‍ച്ച് നടത്തി. രാവിലെ സിഐടിയു സെന്ററില്‍ നിന്ന് ആരംഭിച്ച മാര്‍ച്ചില്‍ വനിതകളുടെ പ്രതിഷേധം ഇരമ്ബി.
മുത്തച്ഛനോടൊപ്പം താമസിക്കുന്ന മാനസിക വെല്ലുവിളി നേരിടുന്ന ബാലികയെ വീട്ടിലേക്ക് വിളിച്ചുവരുത്തി 12-ാം വാര്‍ഡ് കൗണ്‍സിലറായ കാളിയാര്‍തൊടി കുട്ടന് പീഡിപ്പിച്ചുവെന്നാണ് കേസ്. റിമാന്റിലായ കുട്ടനോട് രാജി ആവശ്യപ്പെടാനോ കൗണ്‍സിലര്‍ സ്ഥാനത്ത് നിന്ന് പുറത്താക്കാനോ ഭരണസമിതി കൂട്ടാക്കിയില്ല. പോക്സോ നിയമപ്രകാരം പ്രതിചേര്‍ക്കപ്പെട്ട കുട്ടനെതിരെ നടപടിയെടുത്തില്ലെങ്കില്‍ സമരം ശക്തമാക്കുമെന്നും മഹിളാ പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്കി. മഹിളാ അസോസിയേഷന് സംസ്ഥാന കമ്മിറ്റി അംഗം സോഫിയ ഉദ്ഘാടനം ചെയ്തു. സുനിത അധ്യക്ഷയായി. സി.വി.ജയലക്ഷമി, ടി.ഖദീജ, വിമല പ്രസംഗിച്ചു.
കൗണ്‍സിലറുടെ രാജി ആവശ്യപ്പെട്ട് മഹിളാ അസോസിയേഷന് മഞ്ചേരി നഗരസഭയിലേക്ക് നടത്തിയ മാര്‍ച്ച്
കേസില്‍ ഒളിവിലായിരുന്ന മഞ്ചേരി മുനിസിപ്പല്‍ കൗണ്‍സിലര്‍ കാളിയാര്‍ തൊടി കുട്ടന് (60) നെ മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ ഗൂഡല്ലൂരിലെ ഒരു ലോഡ്ജില്‍ ഒളിവില്‍ കഴിയുന്നതായി കണ്ടെത്തുകയായിരുന്നു. മഞ്ചേരി സിഐ എന്‍ ബി ഷൈജുവിന്റെ നിര്‍ദ്ദേശ പ്രകാരം എസ് ഐ റിയാസ് ചാക്കീരിയും പ്രത്യേക അനേഷണ സംഘാംഗങ്ങളായ ഉണ്ണികൃഷ്ണന് മാരാത്ത്, ശ്രീകുമാര്‍ എന്നിവരും ഗൂഡല്ലൂരിലെത്തി നടത്തിയ തെരച്ചിലിലാണ് പ്രതിയെ കഴിഞ്ഞ ആഴ്ച്ച പിടികൂടിയത്.
തുടര്‍ന്ന് മഞ്ചേരി സ്റ്റേഷനിലെത്തിച്ച പ്രതിയെ വൈദ്യ പരിശോധനക്ക് ശേഷം കോടതിയില്‍ ഹാജരാക്കി. ബന്ധുവും മാനസിക വെല്ലുവിളി നേരിടുന്നതുമായ ബാലികയെ പ്രതി പലതവണ ലൈംഗിക പീഡനത്തിനിരയാക്കിയെന്നാണ് കേസ്. പരാതി നല്കിയ വിവരമറിഞ്ഞാണ് ഇയാള്‍ ഒളിവില്‍ പോയത്. എടവണ്ണ ബന്ധു വീട്ടില്‍ രണ്ടു ദിവസം താമസിച്ചെങ്കിലും പൊലീസ് എത്തുന്നതിന് മുമ്ബ് രക്ഷപ്പെട്ടു. മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്തത് അന്വേഷണത്തിന് പ്രയാസം സൃഷ്ടിച്ചിരുന്നു.
മഞ്ചേരി നഗര സഭ 12ാം വാര്‍ഡ് മംഗലശ്ശേരിയില്‍ നിന്ന് മുസ്ലിം ലീഗ് ടിക്കറ്റില്‍ വിജയിച്ച കുട്ടനെ പരാതിയെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു. കുട്ടനെ ഭരണപക്ഷത്തെ ചിലര്‍ ഒളിപ്പിച്ചിരിക്കയാണെന്നാരോപിച്ച് പ്രതിപക്ഷം ഇക്കഴിഞ്ഞ ദിവസം മുനിസിപ്പല്‍ കൗണ്‍സില്‍ യോഗം ബഹിഷ്ക്കരിച്ചിരുന്നു.പീഡനത്തിനിരയായ പെണ്‍കുട്ടി ന’ ഗവണ്മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
