സേലം: വിവാഹം ശരിവെച്ച സുപ്രീംകോടതി വിധിയില്‍ പൂര്‍ണ സന്തോഷമുണ്ടെന്ന് ഹാദിയ. കൂടെ നിന്ന എല്ലാവര്ക്കും നന്ദിയുണ്ടെന്നും നാട്ടിലെത്തിയ ശേഷം വിശദമായി പ്രതികരിക്കാമെന്നും ഉടന്‍ നാട്ടിലെത്തണമെന്നാണ് ആഗ്രഹമെന്നും ഹാദിയ മാധ്യമങ്ങളോട് പറഞ്ഞു.
ഹാദിയ-ഷെഫിന് ജഹാന് വിവാഹം നിയമപരമാണെന്നായിരുന്നു സുപ്രീംകോടതി ഇന്നലെ വിധിച്ചത്. വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കുകയും ചെയ്തു. വിവാഹം റദ്ദാക്കാന്‍ ഹൈക്കോടതിക്ക് അധികാരമില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. മാത്രമല്ല, ഹാദിയയ്ക്ക് ഷെഫിന് ജഹാനൊപ്പം പോകാമെന്നും പഠനം തുടരാമെന്നും കോടതി അറിയിച്ചു. വിവാഹം റദ്ദ് ചെയ്ത ഹൈക്കോടതി വിധിക്കെതിരെ ഷെഫിന് ജഹാന് നൽകിയ ഹർജിയിലാണ് കോടതി വിധി.
അതേസമയം ഹാദിയയുടെ വിവാഹം ഒഴിച്ച് ഭർത്താവ് ഷെഫിൻ ജഹാനെതിരായ കേസുകളിൽ അന്വേഷണം നടത്താമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. വിവാഹം ഇന്ത്യയുടെ ബഹുസ്വരതയുടെ ഭാഗമാണ്. അത് തീർച്ചയായും സംരക്ഷിക്കപ്പെടണമെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. കേസില്‍ എന്‍ഐഎ അന്വേഷണം തുടരാമെന്നും ഇന്നലെ സുപ്രീംകോടതി അറിയിച്ചു.
