ന്യുഡല്‍ഹി: വിവിധ സേവനങ്ങള്‍ക്ക് ആധാര്‍ ലിങ്ക് ചെയ്യുന്നതിനുള്ള സമയപരിധി സുപ്രീം കോടതി നീട്ടി. ആധാറിന്റെ നിയമസാധുത സംബന്ധിച്ച കേസില്‍ അന്തിമ വിധി പറയുന്നത് വരെ വിവിധ സേവനങ്ങള്‍ക്ക് ആധാര്‍ ലിങ്ക് ചെയ്യേണ്ടതില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ബാങ്ക് അക്കൗണ്ടുമായും ഫോണ്‍ നമ്ബരുമായും മറ്റ് സേവനങ്ങള്‍ക്കും ആധാര്‍ ലിങ്ക് ചെയ്യുന്നതിനുള്ള സമയപരിധി ഈ മാസം 31ന് അവസാനിക്കാനിരിക്കെയാണ് സുപ്രീം കോടതിയുടെ നിര്‍ണായക ഉത്തരവ്.
ആധാറിന്റെ നിയമ സാധുത ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികളില്‍ വിചാരണ കേള്‍ക്കുന്ന അഞ്ചംഗ ബെഞ്ച് വിധി പറയുന്നത് വരെ വിവിധ സേവനങ്ങളുമായി ആധാര്‍ ലിങ്ക് ചെയ്യുന്നത് അനിശ്ചിതകാലത്തേക്കാണ് നീട്ടിയിരിക്കുന്നത്. സബ്സിഡി നല്‍കുന്നതിനൊഴികെ മറ്റെല്ലാ സേവനങ്ങള്‍ക്കും ഇത് ബാധകമാണ്. ആധാര്‍ നിര്‍ബന്ധമാക്കുന്നതിന് സര്‍ക്കാര്‍ നിര്‍ബന്ധിക്കാനാകില്ലെന്ന് സുപ്രീം കോടതി വിമര്‍ശിച്ചു.
വിവിധ സേവനങ്ങളുമായി ആധാര്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ഇക്കഴിഞ്ഞ ഡിസംബറില്‍ മാര്‍ച്ച് 31 വരെ സുപ്രീം കോടതി നീട്ടിയിരുന്നു. ഈ സമയപരിധി അവസാനിക്കാനിരിക്കെയാണ് വീണ്ടും സുപ്രീം കോടതിയുടെ നിര്‍ണ്ണായക ഇടപെടല്‍.
