സത്യവാങ്മൂലത്തില്‍ പിഴവ്‌

കോഴിക്കോട് : ബിജെപി ദേശീയ നിര്‍വാഹക സമതി അംഗം വി. മുരളീധരന്‍ രാജ്യസഭാ സീറ്റിലേക്ക് മത്സരിക്കാന്‍ നല്‍കിയ നാമനിര്‍ദേശ പത്രികയോടൊപ്പമുള്ള സത്യവാങ്മൂലത്തില്‍ പിഴവെന്ന് കണ്ടെത്തല്‍. ഇതുവരെ ആദായ നികുതി അടച്ചിട്ടില്ലെന്നാണ് മുരളീധരന്‍ കഴിഞ്ഞ ദിവസം നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ 2016 ല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കഴക്കൂട്ടത്ത് നിന്നും മത്സരിക്കുമ്ബോള്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ആദായ നികുതി അടച്ചതായാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

2004-2005 സാമ്ബത്തിക വര്‍ഷം ആദായ നികുതി അടച്ചിട്ടുണ്ടെന്നാണ് 2016 ല്‍ മത്സരിക്കുമ്ബോള്‍ നല്‍കിയ സത്യവാങ്മൂലത്തിലുള്ളത്. 3,97,588 രൂപ ആദായ നികുതിയായി അടച്ചിട്ടുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. എന്നാല്‍ രാജ്യസഭാ തിരഞ്ഞെടുപ്പിനായി കഴിഞ്ഞ ദിവസം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ആദായ നികുതി ഇനത്തില്‍ പണം അടച്ചിട്ടില്ലെന്നാണ് മുരളീധരന്‍ വ്യക്തമാക്കുന്നത്.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചട്ടപ്രകാരം അറിയാവുന്ന കാര്യങ്ങള്‍ മറച്ചുവയ്ക്കുന്നത് കുറ്റകരമാണ്. ഒന്നരവര്‍ഷം മുമ്ബ് നല്‍കിയ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യസഭാ തെരഞ്ഞെടുപ്പിന് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ബോധപൂര്‍വ്വം വിവരങ്ങള്‍ മറച്ചുവെച്ചെന്ന് കാണിച്ച്‌ നാമനിര്‍ദ്ദേശ പത്രിക തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയേക്കാം.

Leave a Reply

Your email address will not be published. Required fields are marked *