ചേര്‍ത്തല: ചെങ്ങന്നൂരില്‍ ബി.ജെ.പിയുമായി സഹകരിക്കില്ലെന്ന് ബി.ഡി.ജെ.എസ് ചേര്‍ത്തല: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായി സഹകരിക്കില്ലെന്ന് ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി. ആലപ്പുഴയില്‍ ചേര്‍ന്ന യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു തുഷാര്‍.
ചെങ്ങന്നൂരില്‍ കഴിഞ്ഞ തവണ ബി.ജെ.പിക്ക് വോട്ട് കൂടിയത് ബി.ഡി.ജെ.എസ് കാരണമാണ്. എന്നാല്‍ ബോര്‍ഡ് കോര്‍പറേഷന്‍ സ്ഥാനം കിട്ടാതെ ചെങ്ങന്നൂരില്‍ ബി.ജെ.പിയുമായി സഹകരിക്കില്ല. ബി.ജെ.പിയെ കൂട്ടാതെ മറ്റ് കക്ഷികളുടെ യോഗം ചേരുമെന്നും പ്രശ്നങ്ങള്‍ പരിഹരിക്കുന്നതുവരെ ബി.ജെ.പിയുമായി സഹകരിക്കില്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
രാജ്യസഭ സീറ്റ് ആവശ്യപ്പെട്ട ആരോപണമുയര്‍ത്തി ബി.ജെ.പിയിലെ ചിലര്‍ തന്നെയും പാര്‍ട്ടിയെയും അധിക്ഷേപിച്ചു. വ്യാജ വാര്‍ത്ത സൃഷ്ടിച്ച് അപമാനിച്ചവര്‍ക്കെതിരെ നടപടിക്ക് രേഖാമൂലം ആവശ്യപ്പെടുമെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.
ഇടതുപക്ഷ പ്രവേശനത്തെ കുറിച്ചുള്ള ചോദ്യത്തിന് ഇടതുമുന്നണിയിലേക്ക് പോകണമെങ്കില്‍ ഒന്നു മൂളിയാല്‍ മതിയെന്നായിരുന്നു തുഷാറിെന്റ മറുപടി. ഇടതുമുന്നണിക്ക് മഅ്ദനിയെ കൂട്ടാമെങ്കില്‍ ബി.ഡി.ജെ.എസിനോട് സഹകരിക്കാനാകില്ലേയെന്നും തുഷാര്‍ ചോദിച്ചു.
