തിരുവനന്തപുരം: 1000കോടി മൂല്യമുള്ള കുറ്റാലം കൊട്ടാരവും 56.68 ഏക്കര്‍ ഭൂമിയും കൈയേറ്റക്കാരില്‍ നിന്ന് തിരിച്ചെടുത്ത് വേലികെട്ടി സംരക്ഷിക്കുമെന്ന് മന്ത്രി ജി.സുധാകരന്‍ നിയമസഭയില്‍ പറഞ്ഞു. മാര്‍ത്താണ്ഡവര്‍മ്മ രാജാവ് വിലയ്ക്ക് വാങ്ങിയ സ്ഥലത്തിന്റെ പട്ടയം നിയമപരമായി കേരളത്തിന് കൈമാറ്റം ചെയ്തിട്ടുണ്ട്. 2009ല്‍ പ്രഭു ദാമോദരന്‍ എന്നയാളെ ചട്ടവിരുദ്ധമായി കൊട്ടാരം സൂപ്രണ്ടാക്കിയതാണ് കുഴപ്പമായത്.
2015ല്‍ ഇയാളെ സര്‍വീസില്‍ സ്ഥിരപ്പെടുത്തി. പ്രഭുവും സഹോദരനും ഗുണ്ടകളും ചേര്‍ന്ന് കൊട്ടാരം കൈയടക്കിയിരിക്കുകയാണ്. വൈദ്യുതി മോഷ്ടിക്കുന്നെന്ന് വ്യാജപരാതി നല്‍കി കൊട്ടാരത്തിലേക്കുള്ള വൈദ്യുതി കണക്ഷന്‍ വിച്ഛേദിച്ചു. കുടിവെള്ളം സ്വകാര്യ വ്യക്തികള്‍ക്ക് മറിച്ചുവില്‍ക്കുന്നു. കൊട്ടാരത്തിന്റെയും ഭൂമിയുടെയും ആദായം ഇവര്‍ കൈയടക്കുകയാണ്. കഴിഞ്ഞ നവംബറില്‍ പ്രഭുവിനെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. രണ്ട് സ്ഥിരം കെയര്‍ടേക്കര്‍മാരെയും രണ്ട് താത്കാലിക ജീവനക്കാരെയും അവിടേക്ക് നിയോഗിച്ചിട്ടുണ്ട്.
കൊട്ടാരവും ഭൂമിയും വേലികെട്ടിത്തിരിക്കാന്‍ ഗുണ്ടകള്‍ സമ്മതിക്കുന്നില്ല. ഗുണ്ടാരാജാണ് അവിടെ നടക്കുന്നത്. കെട്ടിടത്തിന്റെ അറ്റകുറ്റപ്പണിക്ക് 18.50ലക്ഷവും കമ്ബിവേലി കെട്ടാന്‍ 48ലക്ഷവും അനുവദിച്ചിട്ടുണ്ട്. കൊട്ടാരത്തിന് പൊലീസ് സംരക്ഷണവും തേടി. രാഷ്ട്രീയക്കാരും പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥരുമൊക്കെ പ്രഭുവിന് ഒത്താശ ചെയ്യുന്നുണ്ടെന്നും കൊട്ടാരം തട്ടിയെടുക്കാനുള്ള ശ്രമം തടയുമെന്നും അയിഷാപോറ്റിയുടെ സബ്മിഷന് മന്ത്രി മറുപടി നല്‍കി.
