കോഴിക്കോട്: മാധ്യമ പ്രവര്‍ത്തനത്തിന്റെ മൂല്യങ്ങള്‍ ഉള്‍ക്കൊളളുമ്പോള്‍ മനുഷ്യനെ അറിയുക, സമൂഹത്തെ ഉള്‍ക്കൊളളുക എന്ന അടിസ്ഥാന പാഠം വിസ്മരിക്കാതിരിക്കുമ്പോള്, അര്‍ത്ഥവത്താകുന്നു പ്രകാശ് കരിമ്പ എന്ന മാധ്യമപ്രവര്‍ത്തകന്റെ പ്രവൃത്തിയും കര്‍മ്മ കാണ്ഡവും. സമൂഹ മനഃസാക്ഷിയിലേക്ക് തന്റെ ക്യാമറക്കണ്ണുകള്‍ തുറന്നു വെക്കുമ്പോള്‍ പ്രകാശ് ആ പേരില്‍ നിന്ന് മുക്തനായി സമൂഹത്തിന്റെ പരിഛേദത്തിന് നേര്‍ക്കാഴ്ചയൊരുക്കുന്നു.
തുറന്നുവച്ച കണ്ണുകള്‍ കാണാതെ പോകാവുന്നതെന്ത് ?
ഈ ചോദ്യത്തിന് പ്രസക്തിയില്ല,
കാഴ്ചയാണ് പ്രധാനം….
പിറവിയുടെ പൂര്‍ണ്ണത തേടി ശാസ്ത്രമലയുമ്പോള്, അതില്‍ ലിംഗ വിവേചനത്തിന്റെ ഉന്നതിക്കായി അവകാശം സ്ഥാപിക്കാന്‍ പരസ്പരം പോരടിക്കുന്ന ആണ്-പെണ് കോയ്മയുടെ പൊരുള്‍ മാനവിക ഭാവത്തില്‍ ഉള്‍ക്കൊളളുമ്പോള്‍, ക്യാമറക്കണ്ണ് തിരിച്ചറിയുന്ന വസ്തുത…
അതിന് വിശേഷണങ്ങള്‍ വേണ്ട…..!
പെണ് കുഞ്ഞുങ്ങള്‍ തെരുവില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യപ്പെടുന്നു…..
ലിംഗപരമായി ആണ് പെണ് ചിഹ്നങ്ങള്‍ വ്യക്തമാക്കപ്പെടുന്ന പിറവിയുടെ ആദ്യഘട്ടത്തില്‍ തന്നെ സര്‍ക്കാര്‍ ആതുരാലയ വാര്‍ഡില്‍ നിന്നും ജനാല വഴി മരണക്കയത്തിലേക്ക വലിച്ചെറിയപ്പെുന്ന ജന്മനിയോഗത്തെ പോസ്റ്റുമോര്‍ട്ടം ചെയ്യുന്ന നിയമ വ്യവസ്ഥ…..
സമൂഹത്തിന് സമത്വ മാനവിക ഭാവങ്ങള്‍ നഷ്ടമായതിന്റെ നോവേറ്റു വാങ്ങുന്ന ചിത്രം ജനനിയെ തളളുന്ന ആനുകാലിക സാമൂഹ്യ ബോധം നിശബ്ദമായി, എന്നാല്‍ അതി തീഷ്ണമായി ചോദ്യം ചെയ്യുന്നു.
വിശപ്പിന്റെ മതമെന്ത് ?
നിലനില്‍പ്പിനായി പ്രാണ സംരക്ഷണം അനിവാര്യതയാകുമ്പോള്‍ ഒട്ടിയ വയറുകള്‍ക്ക് മാലിന്യം എന്നൊരു സിദ്ധാന്തമില്ല. കോഴിമാലിന്യത്തിലും സ്വാദ് തിരയുന്ന ബാല്യങ്ങള്‍ കേരളക്കരക്ക് ഇന്ന് അന്യരല്ലെന്ന് ക്യാമറക്കണ്ണിന്റെ സാക്ഷ്യം.
നീര്ക്കണങ്ങള്ക്കും മരണ ശിക്ഷ !

പ്രകൃതിയോട് യുദ്ധം പ്രഖ്യാപിച്ച് ഇരിക്കുന്ന കൊമ്പു വെട്ടാന്‍ വെമ്പുന്ന മാനവ യുക്തിരാഹിത്യത്തിന്റെ പരിഛേദമായി പുഴയില്‍ മരണം കാക്കുന്ന ജലകണികകള്‍…
വരള്‍ച്ച തടയാന്‍ യോഗം ചേര്‍ന്ന് ഭൗമചൂഷണത്തിന്റെ തോതളന്ന് തീരുമാനങ്ങളുടെ പൊളളത്തരത്തില് പഠന-ഉപപഠനങ്ങള് നടത്താന്‍ കാക്കാതെ വരളുന്ന ദാഹനീരിന്റെ ദൈന്യം.
പ്രകൃതിചൂഷണത്തിന്റെ ആയുധവും ഇരയും ഒരേ മുഖമാകുമ്പോള്‍ ഓര്‍മ്മപ്പെടുത്തലിന്റെ അനിവാര്യതയിലേക്ക് മുഴി തുറക്കുന്നു ചിത്രം.
കോഴിക്കോട് ലളിതകല അക്കാദമി ആര്‍ട്ട് ഗ്യാലറിയില്‍ മാധ്യമ ഫോട്ടോഗ്രാഫര്‍ പ്രകാശ് കരിമ്പ ഒരുക്കിയ ഫോട്ടോ പ്രദര്‍ശനം വിഷയ തീവ്രതയാല്‍ ശ്രദ്ധേയമാകുകയാണ്. ചുറ്റിലുമുളള നീതിരാഹിത്യങ്ങളിലേക്ക് തുറന്നുവെച്ച മിഴികളാകുന്നു ഇവിടെ അദ്ദേഹത്തിന്റെ ക്യാമറ. കടലിന്റെ രൗദ്രതയും കരയുടെ രോദനവും ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളും വിഷയ വൈവിധ്യത്തിന്റെ ശ്രേണി തീര്‍ക്കുന്നു.
മലയാളത്തിന്റെ വിദ്യാരംഭത്തിന് കാക്കിയുടെ കാര്‍ക്കശ്യം നിറമാകുമ്പോള്‍ പഠനത്തിന്റെ തെരുവു പോരാട്ടം ലളിതമായിവിടെ അനാവരണം ചെയ്യുന്നു. ചുംബന സമരം, ലഹരി വിപത്ത്, ഭിക്ഷാടന മാഫിയ, തൊഴിലുറപ്പ് പദ്ധതി, ടി.പി.വധത്തിന്റെ ആകുലതയുമായി 51 വെട്ടിന്റെ മൂകസാക്ഷി, റജീന തെറ്റോ ശരിയോ ?, തുടങ്ങി കേരളം പിന്നിട്ട പത്ത് വര്‍ഷത്തെ പ്രധാന പത്ത് സംഭവങ്ങള്‍ വിഷയമാക്കിയാണ് പ്രദര്‍ശനം.
ഇതിനകം തന്നെ നിരവധി അവാര്ഡുകള്ക്കര്ഹനായ പ്രാകാശ് കരിമ്പയുടെ തുറന്ന്വെച്ച കാഴ്ച്ചകള്‍ കോഴിക്കോടിന്റെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. പ്രദര്‍ശനം 14ന് സമാപിക്കും. മുതിര്‍ന്ന ഫോട്ടോഗ്രാഫര്‍ പി.മുസ്തഫയാണ് ഇക്കഴിഞ്ഞ എട്ടിന് തുറന്ന് വച്ച കണ്ണുകള്‍ എന്ന പ്രദര്‍ശനത്തിന് തുടക്കം കുറിച്ചത്.




