ചെങ്ങന്നൂര്‍: കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിക്കെതിരെ വീണ്ടും ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ആര്.എസ്.എസിന്റെ സഹായം ചോദിക്കുന്ന നിലയില്‍ ആന്റണി എത്തിച്ചേര്‍ന്നുവെന്ന് പിണറായി കുറ്റപ്പെടുത്തി. സാധാരണ ആന്റണി കാര്യങ്ങള്‍ മനസിലാക്കി പ്രതികരിക്കുന്ന ആളായിരുന്നു. കെ.എസ്.യുവും യൂത്ത് കോണ്‍ഗ്രസും ആയിരുന്ന കാലത്തെ കോണ്‍ഗ്രസിനെയാണ് ആന്റണി മനസില്‍ കൊണ്ട് നടക്കുന്നതെന്നും പിണറായി ചൂണ്ടിക്കാട്ടി.
പല ഘട്ടങ്ങളിലും ആര്.എസ്.എസ് സഹായം കോണ്‍ഗ്രസ് നേടിയിട്ടുണ്ട്. ആര്.എസ്.എസിനോട് കോണ്‍ഗ്രസിന് മൃദുസമീപനമാണ്. വടകര-ബേപ്പൂര്‍ മോഡല്‍ കോ^ലി^ബി സംഖ്യം ഉണ്ടാക്കിയിട്ടും അവര്‍ക്ക് ജയിക്കാനായില്ലെന്നും പിണറായി വ്യക്തമാക്കി.
രാജഗോപാലിനെ നേമത്ത് കോണ്‍ഗ്രസ് സഹായിച്ചു. അതിന് പ്രത്യുപകാരമായി അടുത്ത മണ്ഡലത്തില്‍ ബി.ജെ.പി കോണ്‍ഗ്രസിനെ സഹായിച്ചു. ഇതിന്റെ തുടര്‍ച്ചയാണ് ചെങ്ങന്നുരില്‍ നടക്കുന്നത്. അത് കൊണ്ടാണ് ആര്.എസ്.എസിനോട് ആന്റണി അഭ്യര്‍ഥിച്ചത്. ഒരു കാരണവശാലും ജനങ്ങള്‍ അവസരവാദ നിലപാടിന് കൂട്ട് നില്‍ക്കില്ലെന്നും പിണറായി പറഞ്ഞു.
ഇന്ധന വില വര്‍ധനവിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് കോണ്‍ഗ്രസിന് ഒഴിഞ്ഞ് മാറാന്‍ കഴിയില്ലെന്ന് പിണറായി പറഞ്ഞു. വില നിശ്ചയിക്കാനുള്ള അധികാരം എണ്ണക്കമ്ബനികള്‍ക്ക് നല്‍കിയത് കോണ്‍ഗ്രസ് ആണെന്നും പിണറായി ആരോപിച്ചു.
