കൂറ്റനാട്: തൃത്താല ദേശോല്‍സവം ഇത്തവണ അപൂര്‍വ്വമായൊരു പൈതൃകകാഴ്ചക്കാണ് സാക്ഷ്യം വഹിക്കാനൊരുങ്ങുന്നത്.ഗജവീരന്‍മാരുടെ സംഗമത്തിന് ഇത്തവണ വേദിയൊരുങ്ങുന്നത് പന്തീരകുലപ്പെരുമയുടെ തിരുമുറ്റത്ത്. പറയിപ്പെറ്റ പന്തീരുകുലത്തിലെ ബ്രാഹ്്മണശ്രേഷ്ഠനായ അഗ്നിഹോത്രി ജീവിച്ച വേമഞ്ചേരി മനക്ക് മുന്നിലെ പാടശേഖരത്തിലാണ് ദേശോല്‍സവത്തിന്റെ മുഖച്ഛിത്രമൊരുങ്ങുക. ജീവിതദര്‍ശനങ്ങളുടെയും മതസൗഹാര്‍ദ്ദത്തിന്റെയും സന്ദേശമുറങ്ങുന്ന പന്തീരകുലപ്പെരുമയെ നമിച്ച് ദേശോല്‍സവം പൈതൃകത്തിന്റെ പുതിയ തിടമ്പേറ്റുകയാണ്.
പൊന്നാനി റോഡിലുള്ള വേമഞ്ചേരി മനയുടെ മുന്നില്‍ സംഗമത്തിനുള്ള നിലമൊരുക്കല്‍ പൂര്‍ത്തിയായി.പാടത്തെ പുല്‍ക്കാടുകള്‍ വെട്ടിമാറ്റി,ജെ.സി.ബി.കൊണ്ട് നിലം നിരത്തി ജനങ്ങളെ സ്വീകരിക്കാന്‍ പുതിയ ഇടം തയ്യാറായിക്കഴിഞ്ഞു.
മുമ്പ്,തൃത്താല പൈതലിന്റെ ജാറത്തിലെ നേര്‍ച്ചയോടനുബന്ധിച്ച് ആനകളുടെ സംഗമം നടന്നിരുന്നത് ഹോസ്പിറ്റല്‍ റോഡിനോട് ചേര്‍ന്നാണ്. പിന്നീട് നേര്‍ച്ചയും ദേശോല്‍സവവും രണ്ടായി മാറി. ദേശോല്‍സവത്തില്‍ കഴിഞ്ഞ വര്‍ഷം വരെ തൃത്താല ഖബര്‍സ്ഥാന് സമീപത്തുള്ള പാടത്താണ് ആനകളുടെ സംഗമം നടന്നിരുന്നത്.എന്നാല്‍ ഇവിടെ കൂടുതല്‍ വീടുകള്‍ വന്നതോടെ സ്ഥലപരിമിത പ്രശ്നമായി. അതോടെയാണ് കേന്ദ്ര ആഘോഷകമ്മിറ്റി പൊന്നാനി റോഡിലെ പുതിയ ഇടം കണ്ടെത്തിയത്.അത് പന്തീരുകുലപ്പെരുമയുടെ തിരുമുഖത്തായത് ആകസ്മികതയുമായി.
ഇത്തവണത്തെ ആഘോഷങ്ങള്‍ക്കായി വിവിധ സബ് കമ്മിറ്റികള്‍ സജീവമായി രംഗത്തുണ്ട്. 60 ആനകളാണ് ആഘോഷത്തിനെത്തുന്നത്. കേന്ദ്രകമ്മിറ്റിക്ക് കീഴില്‍ 22 ഉപകമ്മിറ്റികളുണ്ട്. എല്ലാ കമ്മിറ്റികളും ബാന്റ് സെറ്റുകളും മറ്റ് വാദ്യഘോഷങ്ങളുമായി രംഗത്തെത്തും. ഉപകമ്മിറ്റികള്‍ക്കെല്ലാം കഴിഞ്ഞ കാലങ്ങളിലെ പോലെ ന്യൂജെന്‍ പേരുകളാണ്. സൂപ്പര്‍ ഫൈറ്റേഴ്‌സ്,സര്‍ക്കാര്‍,വില്ലന്‍സ്,കനാല്‍പട,സിറ്റിഗ്യാങ്,ഡ്രൈവേഴ്സ്,ഹോസ്പിറ്റല്‍ സ്ട്രീറ്റ്,ഉടന്‍ അടി,മിന്നല്‍പട പവര്‍,നോ ഫിയര്‍ ബോയ്‌സ്,പൂച്ചീം കാമറീം കണ്ണാടീം,ചുള്ളന്‍സ്,ഹവാന സ്ട്രീറ്റ്,ബ്ലാക്ക് കാറ്റ്‌സ്,ബാക്ക് സ്ട്രീറ്റ്,മില്ലുംപടി സിറ്റി,മാര്‍വാടീസ്,ഫഌങ്കിന്‍സ്,മോസ്‌കോ സിറ്റി,സിറ്റി ടോപ്പ് ഫൈറ്റേഴ്‌സ്….മിക്ക പേരുകളും കേട്ടാല്‍ മൂക്കത്ത് വിരല്‍ വച്ചു പോകും.
