തിരുവനന്തപുരം സ്ത്രീശാക്തീകരണത്തിനും വനിതാ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും ഉതകുന്നതരത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ആരംഭിക്കുന്ന സ്ത്രീശക്തി ഭാഗ്യക്കുറി ഇന്ന് (24.02.2016) വൈകിട്ട് നാലിന് വി.ജെ.ടി ഹാളില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. ഭാഗ്യക്കുറി വകുപ്പ് നിലവില്‍ നടത്തിവരുന്ന ധനശ്രീ ഭാഗ്യക്കുറിയുടെ വില 40 രൂപയില്‍ നിന്നും 50 രൂപയാക്കി ഉയര്‍ത്തിയും സമ്മാനഘടനയില്‍ മാറ്റം വരുത്തിയുമാണ് ‘സ്ത്രീശക്തി’ ആരംഭിക്കുന്നത്. സമൂഹത്തിലെ താഴെത്തട്ടിലുള്ള സ്ത്രീകളുടെ പുരോഗതികള്‍ക്കായി ഈ ഭാഗ്യക്കുറിയില്‍ നിന്നുള്ള അറ്റാദായം വിനിയോഗിക്കും. സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം വികസനം, പുനരധിവാസം, ഉന്നതവിദ്യാഭ്യാസ സഹായം, വികലാംഗ സ്ത്രീകള്‍ക്കുള്ള സഹായം വാര്‍ധക്യകാല സംരക്ഷണവും സഹായവും മാനസികരോഗികളായ സ്ത്രീകള്‍ക്കുള്ള സഹായം, വിവാഹ ധനസഹായം തുടങ്ങിയ വിവിധകാര്യങ്ങള്‍ക്കായിരിക്കും സ്ത്രീശക്തി ഭാഗ്യക്കുറി പ്രയോജനപ്പെടുത്തുക. ഭാഗ്യക്കുറിയില്‍ നിന്നുള്ള വരുമാനമുപയോഗിച്ച് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കാരുണ്യ ചികിത്സാ പദ്ധതിയുടെ നാലാം വാര്‍ഷികവും ഇതോടൊപ്പം ആഘോഷിക്കും. സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ. എം.കെ. മുനീര്‍ അധ്യക്ഷത വഹിക്കും. നിയമസഭാ സ്പീക്കര്‍ എന്‍. ശക്തന്‍ മുഖ്യപ്രഭാഷണം നടത്തും. ആരോഗ്യ മന്ത്രി വി.എസ്. ശിവകുമാര്‍, എം.എല്‍.എമാര്‍, മറ്റ് ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും
