മത്സ്യങ്ങളുടെ വിത്തുല്‍പാദനം

കൊച്ചി: മത്സ്യകൃഷിയിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നതിന് വിപണിയില്‍ വില കൂടുതല്‍ ലഭിക്കുന്ന മീനുകളുടെ വിത്തുല്‍പാദനം നടത്താന്‍ ശാസ്ത്രസമൂഹം മുന്നോട്ട് വരണമെന്ന് മന്ത്രി കെ ബാബു. വാണിജ്യപ്രാധാന്യവും ഔഷധഗുണങ്ങളുമുള്ള മീനുകളുടെ വിത്തുല്‍പാദന സാങ്കേതിക വിദ്യകള്‍ വികസിപ്പിച്ച് കര്‍ഷകര്‍ക്കിടയില്‍ പ്രചരിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു. കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാലയില്‍ (കുഫോസ്) പണികഴിപ്പിച്ച ഒന്നാം ഘട്ട അക്കാദമിക് കെട്ടിട സമുച്ഛയത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. നബാര്‍ഡില്‍ നിന്ന് ലഭിച്ച 40 കോടി രൂപ കൊണ്ട് കുഫോസില്‍ നിര്‍മ്മിക്കുന്ന രണ്ടാം ഘട്ടം അക്കാദമിക് ബ്ലോക്കിന്റെ ശിലാസ്ഥാപനവും മന്ത്രി നിര്‍വഹിച്ചു. 15000 മത്സ്യത്തൊഴിലാളികള്‍ക്ക് വീട് നിര്‍മ്മിച്ച നല്‍കാന്‍ സാധിച്ചതാണ് ഏറ്റവും വലിയ നേട്ടമായി താന്‍ കണക്കാക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഉള്‍നാടന്‍ മത്സ്യകൃഷിയില്‍ സംസ്ഥാനം ഒരുപാട് മുന്നേറി. മൂന്ന് വര്‍ഷം കൊണ്ട് 1 ലക്ഷം ടണ്‍ മത്സ്യോല്‍പാദനം നടത്താന്‍ സാധിച്ചു. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഒന്നര ലക്ഷം ടണ്‍ ഉല്‍പാദനം നടത്തുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷനായിരുന്നു കെട്ടിടത്തിന്റെ നിര്‍മ്മാണച്ചുമതല. കോര്‍പ്പറേഷന്‍ ചീഫ് എഞ്ചിനീയര്‍ എന്‍ രാജീവ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വൈസ്ചാന്‍സലര്‍ ഡോ ബി മധുസൂദനക്കുറുപ്പ് അധ്യക്ഷത വഹിച്ചു. പ്രോവൈസ്ചാന്‍സലര്‍ ഡോ കെ പത്മകുമാര്‍, കുമ്പളം പഞ്ചായത്ത് പ്രസിഡണ്ട് ഷെര്‍ലി ജോര്‍ജ്ജ്, ഡോ എസ് സുരേഷ്‌കുമാര്‍, രജിസട്രാര്‍ ഡോ വി എം വിക്ടര്‍ ജോര്‍ജ്ജ് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *