കൊച്ചി: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം. ശബരിമല വിഷയവുമായി ബന്ധപ്പെട്ട പതിനഞ്ചോളം ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതി ചില സുപ്രധാന ചോദ്യങ്ങള്‍ സര്‍ക്കാരിന് മുന്നില്‍ വച്ചത്.
ശബരിമലയില്‍ ദര്‍ശനം നടത്തിയ രണ്ടു യുവതികള്‍ക്ക് ഏതെങ്കിലും തരത്തില്‍ പ്രത്യേക അജണ്ടകള്‍ ഉണ്ടായിരുന്നോ എന്നാണ് കോടതി ചോദിച്ചത്. ഇവര്‍ യഥാര്‍ഥത്തില്‍ വിശ്വാസികളാണോ. അതോ ബോധപൂര്‍വം പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ വന്നതാണോ. ശബരിമല യുവതീപ്രവേശന വിഷയത്തില്‍ സര്‍ക്കാരിന് പ്രത്യേക അജണ്ടയുണ്ടെന്ന് കോടതി പറയുന്നില്ല. എന്നാല്‍ പ്രത്യേക അജണ്ടയുള്ളവരെ തിരിച്ചറിയാന്‍ സര്‍ക്കാരിന് കഴിയണമെന്നും ഡിവിഷന്‍ ബെഞ്ച് ഓര്‍മിപ്പിച്ചു. നിലയ്ക്കലില്‍ നിന്നും പന്പയിലേക്ക് സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടരുതെന്ന് ഉത്തരവുള്ളപ്പോള്‍ തമിഴ്നാട്ടില്‍ നിന്നുള്ള മനിതി സംഘത്തിന്‍റെ വാഹനം ആരാണ് പന്പയിലേക്ക് കടത്തിവിട്ടത്. ഈ നടപടി കോടതി അലക്ഷ്യമാണെന്നും ഉത്തരവുകള്‍ പാലിക്കുന്നില്ലെങ്കില്‍ പുറത്തുനിന്നുള്ള ഏജന്‍സിയെ സുരക്ഷ ഏല്‍പ്പിക്കാന്‍ കോടതിക്ക് അറിയാമെന്നും ഡിവിഷന്‍ ബെഞ്ച് മുന്നറിയിപ്പ് നല്‍കി.
ഇക്കാര്യങ്ങളെല്ലാം ഉള്‍പ്പെടുത്തി വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാനും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്.
