കൊച്ചി: കഴിഞ്ഞ ഇടത് സര്‍ക്കാര്‍ അധികാരം ഒഴിയുന്നതിന് 209 ജീവപര്യന്തം തടവുകാരുടെ വിട്ടയച്ച സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഹൈക്കോടതി ഫുള്‍ ബെഞ്ചിന്റേതാണ് ഇത്തരവ്. പത്ത് വര്‍ഷം തടവുശിക്ഷ അനുഭവിച്ചവരെയാണ് അന്ന് വിട്ടയച്ചത്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഗവര്‍ണര്‍ പരിശോധിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.
2011ലാണ് അന്നത്തെ സംസ്ഥാന സര്‍ക്കാര്‍ ഗാന്ധിജിയുടെ 150ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് കേന്ദ്രസര്‍ക്കാരിന്റെ പദ്ധതി പ്രകാരം 209 തടവുകാരെ മോചിപ്പിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ അന്ന് ഇതിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
കൊലപാതകക്കേസുകളില്‍ ഇരയുടെ ഇരകളുടെ ബന്ധുക്കള്‍ നല്കിയ ഹര്‍ജിയും കോടതി സ്വമേധയാ എടുത്ത ഹര്‍ജിയും പരിഗണിച്ചാണ് ഇപ്പോള്‍ ഹൈക്കോടതിയുടെ സുപ്രധാന വിധി വന്നിരിക്കുന്നത്.
പുറത്തിറങ്ങിയ പലരും പത്ത് വര്‍ഷത്തില്‍ കൂടുതല്‍ ശിക്ഷ അനുഭവിച്ചിട്ടില്ലെന്ന് പരിശോധനയില്‍ വ്യക്തമായിരുന്നു. മോചിപ്പിച്ച 209 ജീവപര്യന്തം തടവുകാരില്‍ 14 വര്‍ഷം തടവു പൂര്‍ത്തിയാക്കിയത് അഞ്ചില്‍ താഴെ പേര് മാത്രം. 10 വര്‍ഷത്തെ ശിക്ഷ പൂര്‍ത്തിയാക്കിയത് നൂറില്‍ താഴെ. അന്നു മോചിപ്പിച്ചവരുടെ വിശദാംശം ഹൈക്കോടതി ആവശ്യപ്പെട്ട പ്രകാരം പരിശോധിച്ചപ്പോഴാണ് ഈ കണ്ടെത്തല്‍. ഇതോടെയാണ് ഉത്തരവ് പുനഃപരിശോധിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. പരിശോധനക്ക് ശേഷം യോഗ്യതയില്ലെങ്കില്‍ ശിഷ്ട ശിക്ഷാ കാലയളവ് പൂര്‍ത്തിയാക്കേണ്ടി വരും.
പുനപരിശോധിക്കുമ്ബോള്‍ ഇളവ് ലഭിച്ച് ജയിലില്‍ നിന്ന് പുറത്തു ഇറങ്ങിയവരുടെ നിലവിലെ ജീവിത രീതികളും, സ്വഭാവവും കണക്കില്‍ എടുത്ത് ആവശ്യമെങ്കില്‍ വീണ്ടും ജയിലിലേക്ക് മടക്കി അയക്കണമെന്നാണ് ഹൈക്കോടതി വിധിയിലുള്ളത്. പുറത്തിറങ്ങിയവരില്‍ 45 പേര് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നുള്ളവരാണ്. ഇവരില്‍ 111 പേര് നെട്ടുകാല്‍ത്തേരി തുറന്ന ജയിലില്‍ നിന്നായിരുന്നു. കണ്ണൂര്‍ -45, ചീമേനി-24, വനിതാ ജയില്‍-ഒന്ന്, പൂജപ്പുര -28 എന്നിങ്ങനെയാണു സെന്‍ട്രല്‍ ജയിലുകളില്‍ നിന്നു വിട്ടയച്ചത്.
ഈയിടെ 36 തടവുകാരെ മോചിപ്പിക്കാനുള്ള സര്‍ക്കാര്‍ ശുപാര്‍ശ ഗവര്‍ണര്‍ മടക്കിയതിനു പിന്നാലെയാണു വിഷയം ഹൈക്കോടതിയില്‍ എത്തിയത്. സര്‍ക്കാരിന് ഇതിന് അധികാരമുണ്ടെന്നും 2011 ഫെബ്രുവരി രണ്ടിന് അന്നത്തെ സര്‍ക്കാര്‍ ഇത്തരത്തില്‍ തടവുകാരെ മോചിപ്പിച്ചിട്ടുണ്ടെന്നും അഡ്വക്കറ്റ് ജനറല്‍ സി.പി. സുധാകരപ്രസാദ് ഹൈക്കോടതിയെ അറിയിച്ചിരുന്നു.
