മസ്കത്ത്: മസ്ക്കറ്റില്‍ ഇനി മുതല്‍ രാത്രി സമയങ്ങളില്‍ നിര്‍മാണ ജോലികള്‍ അനുവദനീയമല്ല. നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട നഗരസഭാ നിയമത്തിന്റെ ലംഘനമാണിതെന്നും കര്ശനശിക്ഷയുണ്ടാകുമെന്നും നഗരസഭ അധികൃതര്‍ വ്യക്തമാക്കി.നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച നഗരസഭാ നിയമം ലംഘിച്ച് അനുവദനീയമായ സമയം കഴിഞ്ഞും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടരുന്നത് ശ്രദ്ധയില്‍പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നടപടി.
നിയമം ലംഘിക്കുന്ന കരാറുകാരില്‍ നിന്ന് പിഴ ചുമത്തുകയും വര്‍ക്ക് പെര്‍മിറ്റ് റദ്ദാക്കുന്നതടക്കം നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്ന് നഗരസഭ മുന്നറിയിപ്പു നല്കി.നഗരസഭയില്‍നിന്നുള്ള മുന്‍കൂര്‍ അനുമതിയില്ലാതെ രാത്രികാല ജോലികള്‍ പാടില്ലെന്നാണ് 1992ലെ നഗരസഭ നിയമത്തിന്റെ നൂറ്റിനാലാം വകുപ്പ് നിഷ്കര്‍ഷിക്കുന്നത്.
