ദുബായ്: അത്ഭുതങ്ങളുടെ പറുദീസയായ ദുബായില്‍ മറ്റൊരദ്ഭുതംകൂടി വരുന്നു-‘ബുര്‍ജ് ജുമേറ’. ഏറെ പ്രത്യേകതകളുള്ള ഈ കെട്ടിടത്തിന്റെ മാതൃകയുടെ അനാച്ഛാദനം യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം നിര്‍വഹിച്ചു. അല്‍ സുഫോഹില്‍ 550 മീറ്റര്‍ ഉയരത്തില്‍ നിര്‍മിക്കപ്പെടുന്ന ഈ കെട്ടിടത്തോടുചേര്‍ന്ന് അന്താരാഷ്ട്ര നിലവാരത്തിലുള്ള താമസകേന്ദ്രങ്ങള്‍ കൂടിയുണ്ടാവും.
ശൈഖ് മുഹമ്മദിന്റെ വിരലടയാളത്തിന്റെ മാതൃകയിലാണ് കെട്ടിടത്തിന്റെ അടിത്തറ നിര്‍മിക്കുന്നത്. കെട്ടിടത്തിന്റെ മുന്‍വശം ഡിജിറ്റല്‍ ഡിസ്പ്ലേയോട് കൂടിയതാണ്. ആഘോഷരാവുകളിലും പ്രത്യേക സന്ദര്‍ഭങ്ങളിലും ഇത് പലതരത്തില്‍ പ്രയോജനപ്പെടുത്താന്‍ കഴിയും. ദുബായ് നഗരത്തിന്റെ 360 ഡിഗ്രി പനോരമിക് കാഴ്ച നല്കുന്ന നിരീക്ഷണ ഡെക്കുകളും സൗകര്യങ്ങളും നൂതന സാങ്കേതിക സംവിധാനങ്ങളും ഉള്‍പ്പെടുത്തിയാണ് ബുര്‍ജ് ജുമേറ ഉയരുന്നത്.
