ജിദ്ദ: 2017 നവംബറില്‍ ആരംഭിച്ച അഴിമതി വിരുദ്ധ നടപടിയുടെ ഭാഗമായി സൗദിയില്‍ പിടിയിലായവരെ വിട്ടയച്ചും നഷ്ടം ഈടാക്കിയും നടപടികള്‍ അവസാനിപ്പിച്ചതായി സൗദി റോയല്‍ കോര്‍ട്ട് അറിയിച്ചു. ഒത്തുതീര്‍പ്പിന് വഴങ്ങാത്തവരുടെയും ക്രിമിനല്‍ കുറ്റം ചെയ്തെന്ന് കണ്ടെത്തിയവരുടേയും കേസുകള്‍ കോടതിക്ക് കൈമാറി. പണമായി മാത്രം 107 ശതകോടി ഡോളറാണ് പിടിയിലായവരില്‍ നിന്ന് ഈടാക്കിയത് എന്ന് റോയല്‍ കോര്‍ട്ട് വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി. . വ്യവസായികള്‍, രാജ കുടുംബം, മന്ത്രിമാര്‍, എന്നിങ്ങിനെ 300 ലേറെ പേരെ കസ്റ്റഡിയിലെടുത്തിരുന്നു.
ലോകസമ്ബന്നരുടെ പട്ടികയില്‍ പെടുന്ന അമീര്‍ വലീദ് ബിന്‍തലാല്‍ ഉള്‍പെടെ പ്രശസ്തര്‍ സാമ്ബത്തിക കുറ്റങ്ങളുടെ പേരില്‍ തടവിലായിരുന്നു.തലാലിനെയടക്കം പലരെയും തെളിവെടുപ്പിന് ശേഷം വിട്ടയച്ചു. അവശേഷിച്ചത് 200 ഒാളം പേരായിരുന്നു.87 പേര്‍ കുറ്റം സമ്മതിച്ചു. ഒത്തു തീര്‍പ്പിനായി പിഴയും വസ്തുവകളും ഭരണകൂടത്തിന് നല്‍കി.ഇവരില്‍ നിന്നാണ് പണമായി 107 ശതകോടി ഡോളര്‍ ശേഖരിച്ചത്.
