യു.എ.ഇ കെ.എം.സി.സി പുരസ്‌കാരം എം.ഐ തങ്ങള്‍ക്ക് സമര്‍പ്പിച്ചു

മലപ്പുറം: ന്യൂനപക്ഷ ശാക്തീകരണത്തിനു നല്‍കിയ സമഗ്ര സംഭാവനക്കുള്ള യു.എ.ഇ കെ.എം.സി.സി നാഷണല്‍ കമ്മിറ്റിയുടെ പുരസ്‌കാരം പ്രമുഖ പത്രപ്രവര്‍ത്തകനും ചരിത്രകാരനുമായ ചന്ദ്രിക മുന്‍ പത്രാധിപര്‍ എം.ഐ തങ്ങള്‍ക്ക് മുസ്‌ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സമര്‍പ്പിച്ചു. മുസ്‌ലിംലീഗിന്റെ പോരാട്ട ചരിത്രം തലമുറകള്‍ക്ക് മുന്നോട്ട് കുതിക്കാനുള്ള ഇന്ധനമാണ്. കാലത്തിനൊപ്പം ആ ചരിത്രത്തെ തന്റെ പിന്‍മുറക്കാരിലേക്ക് പകര്‍ന്നു നല്‍കാന്‍ ജീവിതം സമര്‍പ്പിച്ച മഹാപ്രതിഭയാണ് എം.ഐ തങ്ങളെന്ന് ഹൈദരലി തങ്ങള്‍ പറഞ്ഞു. പ്രായാധിക്യത്തിന്റെ അവശതകള്‍ക്കിടയിലും അദ്ദേഹം കര്‍മനിരതനാണ് തന്റെ തൂലിക കൊണ്ട് മുസ്‌ലിം സമുദായത്തിന് ദിശാബോധം നല്‍കാനായി എന്നുള്ളത് തന്നെയാണ് അദ്ദേഹത്തെ വേറിട്ടു നിര്‍ത്തുന്നതെന്നും തങ്ങള്‍ പറഞ്ഞു. എടവണ്ണ പത്തപ്പിരിയത്ത് സംഘടിപ്പിച്ച ചടങ്ങില്‍ യു.എ.ഇ നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് ഡോ. പുത്തൂര്‍ റഹ്മാന്‍, ജനറല്‍ സെക്രട്ടറി ഇബ്രാഹിം എളേറ്റില്‍, ട്രഷറര്‍ അബ്ദുല്ല ഫാറൂഖി, എം.സി വടകര, പി.എ റഷീദ് യു.എ.ഇ കെ.എം.സി.സി നാഷണല്‍ കമ്മിറ്റി ഭാരവാഹികളായ അഷ്‌റഫ് പള്ളിക്കണ്ടം, എം.പി റഷീദ്, നിസാര്‍ തളങ്കര, സൂപ്പി പാതിരപ്പറ്റ, അബു ചിറക്കല്‍, പി.കെ കരീം, മുസ്തഫ മുട്ടുങ്ങല്‍, അഹമ്മദ് ബിച്ചി എന്നിവരും യു.എ നസീര്‍, ടി.പി അഷ്‌റഫലി, കെ.ടി അഷ്‌റഫ്, കാഞ്ഞിരാല അബൂബക്കര്‍, ഗഫൂര്‍ കുറുമാടന്‍, ഹംസ ഇരിവേറ്റി, പാറമ്മല്‍ അഹമ്മദ് കുട്ടി, കുഞ്ഞാലിമൊല്ല, കെ. മുഹമ്മദ് കുട്ടി, എ. അഹമ്മദ് കുട്ടി, എ.പി ജൗഹര്‍ സാദത്ത്, വി.പി ലുഖ്മാന്‍, നിര്‍മാണ്‍ മുഹമ്മദലി  പങ്കെടുത്തു. അവിഭക്ത ഭാരതത്തിന്റെ മുസ്‌ലിം നവോത്ഥാന ചരിത്രവും മുസ്‌ലിംലീഗിന്റെ മുന്നേറ്റ ചരിത്രവും രേഖപ്പെടുത്തുന്ന ആധികാരിക ഗ്രന്ഥങ്ങള്‍ രചിച്ച എം.ഐ തങ്ങള്‍ക്ക് എഴുത്തുകാരന്‍, വാഗ്മി, മാധ്യമ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ ന്യൂനപക്ഷ രാഷ്ട്രീയ മേഖലക്ക് നല്‍കിയ സമഗ്ര സംഭാവന പരിഗണിച്ചാണ് യു.എ.ഇ കെ.എം.സി.സി പുരസ്‌കാരം നല്‍കി ആദരിച്ചത്. ഇന്ത്യന്‍ രാഷ്ട്രീയം ഇന്നും ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍  വിവിധ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയിലെ ന്യൂനപക്ഷ രാഷ്ട്രീയം, ന്യൂനപക്ഷ രാഷട്രീയം ദര്‍ശനവും ദൗത്യവും(മലയാളം, ഇംഗ്ലീഷ്), സര്‍ സയ്യിദ് അഹമ്മദ് ഖാന്‍ (ജീവചരിത്രം), ആഗോളവത്കരണത്തിന്റെ അനന്തര ഫലങ്ങള്‍ , വിപ്ലവത്തിന്റെ പ്രവാചകന്‍ (ഉര്‍ദു), കര്‍മശാസ്ത്രത്തിന്റെ പരിണാമം, ഖുര്‍ആനിലെ പ്രകൃതി രഹസ്യങ്ങള്‍, നമ്മുടെ സാമ്പത്തിക ശാസ്ത്രം (ഇംഗ്ലീഷ്) എന്നീ വിവര്‍ത്തന കൃതികളും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. മുഹമ്മദലി ജിന്നയുടെ ജീവ ചരിത്രം പണിപ്പുരയിലാണ്. 

Attachments area

Leave a Reply

Your email address will not be published. Required fields are marked *