തരംതാഴ്ത്തിയ ഡിവൈഎസ്പിമാര്‍ ഹൈക്കോടതിയിലേക്ക്

തിരുവനന്തപുരം: അച്ചടക്ക നടപടി നേരിടുന്നത് പരിഗണിച്ച്‌ സര്‍ക്കാര്‍ തരംതാഴ്ത്തിയ 11 ഡിവൈഎസ്പിമാരും ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചു. ആഭ്യന്തരവകുപ്പിന്‍റെ നടപടി ചോദ്യം ചെയ്ത് തിങ്കളാഴ്ച ഇവര്‍ കോടതിയില്‍ ഹര്‍ജി നല്‍കിയേക്കും. ഡിവൈഎസ്പിമാരായി ജോലി ചെയ്തു വന്നിരുന്ന 11 പേരെ സിഐ തസ്തികയിലേക്കാണ് സര്‍ക്കാര്‍ മാറ്റിയത്.

അതിനിടെ തരംതാഴ്ത്തല്‍ നടത്തിയും പുതിയ ഡിവൈഎസ്പിമാരെ നിയമിച്ചുംകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവില്‍ പിശക് കടന്നുകൂടി. തരംതാഴ്ത്തപ്പെട്ട 11 പേരില്‍ ഒരാളായ അനില്‍കുമാറിനെ ആറ്റിങ്ങല്‍ ഡിവൈഎസ്പിയായി നിയമിച്ചുകൊണ്ടാണ് ഉത്തരവിറങ്ങിയിരിക്കുന്നത്. എന്നാല്‍ ഇക്കാര്യം പരിശോധിക്കുമെന്നും പുതുക്കിയ പട്ടിക ഉടന്‍ പുറത്തിറക്കുമെന്നും ആഭ്യന്തരവകുപ്പ് അറിയിച്ചു. അച്ചടക്ക നടപടി നേരിടുന്ന 12 ഡിവൈഎസ്പിമാരെ തരംതാഴ്ത്താനായിരുന്നു ആഭ്യന്തര സെക്രട്ടറി നല്‍കിയ ശിപാര്‍ശയില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇതിലൊരാള്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ച്‌ സര്‍ക്കാര്‍ നടപടി ചൊവ്വാഴ്ച വരെ നിര്‍ത്തിവപ്പിച്ചു. ഇതോടെയാണ് ശേഷിക്കുന്നവരെ ഉള്‍പ്പെടുത്തി പുതിയ പട്ടിക ആഭ്യന്തരവകുപ്പ് തയാറാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *