ന്യൂഡല്‍ഹി: കോണ്‍ഗ്രസ് മൃദു ഹിന്ദുത്വം നിലപാട് സ്വീകരിക്കുന്നുവെന്ന ആരാപണങ്ങളെ തളളി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെയുളളവര്‍ക്ക് വിശ്വാസമുളളവരായിരിക്കാന് അവകാശമുണ്ടെന്നും മൃദു ഹിന്ദുത്വം എന്ന ആശയം തന്നെ തെറ്റാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ക്ഷേത്രങ്ങളില്‍ പോകരുതെന്ന് പറയാന്‍ വലതുപക്ഷത്തിന് എന്ത് അവകാശമാണ് ഉളളതെന്നും അദ്ദേഹം ചോദിച്ചു.
ബുദ്ധനോടും, മഹാവീറിനോടും, ഗുരു നനാക്കിനോടും ക്ഷേത്രങ്ങളില്‍ പോകണമെന്ന് പറഞ്ഞാല്‍ അവര്‍ നിരസിക്കുമെന്ന് തോന്നുന്നുണ്ടോ, ഗുരു നാനാക്ക് മക്കയില്‍ പോയിട്ടുണ്ട്. രാഷ്ട്രീയക്കാര്‍ ക്ഷേത്രങ്ങളില്‍ പോകുന്നതിന് ആവശ്യത്തില്‍ കൂടുതല്‍ പ്രാധാന്യം നല്‍കുകയാണെന്നും അദ്ദേഹം പറഞ്ഞു
കഴിഞ്ഞ 15 വര്‍ഷത്തെ രാഷ്ട്രീയ ജീവിതത്തില്‍ ഇതുവരെ കാണാത്ത ഐക്യമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ ഇപ്പോള്‍ ഉള്ളത്.
ബിജെപിക്കെതിരായ പ്രതിപക്ഷ ഐക്യത്തില്‍ നിരവധി നേതാക്കളും ആഗ്രഹങ്ങളുമാണെന്ന് മോഡിയുടെ വിമര്‍ശനത്തിനാണ് രാഹുലിന്റെ മറുപടി. തൊഴിലില്ലായ്മ, കര്‍ഷക പ്രശ്നങ്ങല്‍, മോഡിയും കൂട്ടരും രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കല്‍ തുടങ്ങി നിരവധി പ്രതിസന്ധിക്കെതിരായാണ് എല്ലാവരും ഒന്നിക്കുന്നത്.
യഥാര്‍ത്ഥത്തില്‍ മോഡി ഉന്നയിക്കുന്ന ഭിന്നത നിലനില്‍ക്കുന്നത് ബിജെപിയില്‍ ആണെന്നും ഗഡ്കരി, സുഷമ സ്വരാജ്, രാജ്നാഥ് സിങ് തുടങ്ങി ബിജെപിയിലെ എല്ലാ നേതാക്കള്‍ക്കിടയിലും മോഡിയുടെ പ്രവര്‍ത്തന രീതിയെ കുറിച്ച് എതിര്‍പ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അഖിലേഷ് യാദവിനോടും മായാവതിയോടും തനിക്ക് ബഹുമാനമാണ്. നിരവധി വിഷയങ്ങളില്‍ അവരുമായി യോജിപ്പുണ്ട്. രാജ്യത്തിന് അവര്‍ നിരവധി സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ ഒന്നിച്ച് പ്രവര്‍ത്തിക്കാനുളള അവരുടെ അവകാശത്തെ മാനിക്കുന്നു. ആശയപരമായ യോജിപ്പുകള്‍ ഉളളതിനാല്‍ തന്നെ എസ്പിയുമായും ബിഎസ്പിയുമായും യോജിച്ച് പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസിന് കഴിയുമെന്നും രാഹുല്‍ പറഞ്ഞു.
