പി. ജയരാജന്‍ അക്രമരാഷ്ട്രീയത്തിന്റെ ജീവിക്കുന്ന രക്തസാക്ഷി: കോടിയേരി

തിരുവനന്തപുരം: കേരളത്തില്‍ അക്രമരാഷ്ട്രീയത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയാണ് വടകരയിലെ ഇടതുസ്ഥാനാര്‍ത്ഥി പി. ജയരാജന്‍ എന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അക്രമരാഷ്ട്രീയത്തിനെതിരെ ചിന്തിക്കുന്ന പ്രസ്ഥാനമാണ് സി.പി.എം. പി. ജയരാജന്‍ വീട്ടിനകത്തിരിക്കുമ്ബോഴാണ് അക്രമികള്‍ അതിക്രമിച്ചു കയറി അദ്ദേഹത്തെ വെട്ടിനുറുക്കിയത്. എറണാകുളത്ത് വിദഗ്ധചികിത്സയിലാണ് അദ്ദേഹത്തിന്റെ അറ്റുതൂങ്ങിയ വലതുകൈ തുന്നിക്കെട്ടിയത്. കണ്ടാല്‍ രണ്ട് കൈയും ശേഷിയുള്ളത് പോലെയേ തോന്നൂ. ആ തുന്നിക്കെട്ടിയ കൈ അക്രമരാഷ്ട്രീയത്തിന്റെ പ്രതീകമാണ്. ആര്‍.എസ്.എസ് ആണ് അതില്‍ പ്രതിസ്ഥാനത്ത്. അതുകൊണ്ടുതന്നെ അക്രമരാഷ്ട്രീയത്തിനെതിരെ ചിന്തിക്കുന്നവര്‍ പി. ജയരാജന് വോട്ട് ചെയ്യണം.

കൊലക്കുറ്റത്തിന് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ജയരാജനെ സ്ഥാനാര്‍ത്ഥിയാക്കുന്നത് ശരിയോ എന്ന ചോദ്യത്തിന്, അദ്ദേഹത്തിനെതിരെ ഉള്ളത് ആരോപണങ്ങള്‍ മാത്രമാണെന്നായിരുന്നു മറുപടി. കേസില്‍ പെട്ടയാള്‍ സ്ഥനാര്‍ത്ഥിയാകരുത് എന്നെവിടെയും പറഞ്ഞിട്ടില്ല. അങ്ങനെയെങ്കില്‍ യു.ഡി.എഫില്‍ ഒരാള്‍ക്കും മത്സരിക്കാനാവില്ല. ഒരു കേസില്‍ രണ്ട് കൊല്ലം ശിക്ഷിക്കപ്പെട്ടെങ്കില്‍ മാത്രമേ സ്ഥാനാര്‍ത്ഥിയാകുന്നതിന് അയോഗ്യതയാവൂ.

രണ്ട് ജില്ലാ സെക്രട്ടറിമാര്‍ സ്ഥാനാര്‍ത്ഥികളാവുമ്ബോള്‍ പകരം ക്രമീകരണമുണ്ടാവും. കണ്ണൂര്‍ ജില്ലയില്‍ സ്ഥിരം സെക്രട്ടറി തന്നെ വരും. വടകരയില്‍ കോണ്‍ഗ്രസ് പിന്തുണയോടെ ആര്‍.എം.പിയുടെ പൊതുസ്ഥാനാര്‍ത്ഥി ജയരാജനെതിരെ മത്സരിക്കുമെന്ന റിപ്പോര്‍ട്ടുകളെപ്പറ്റി, ആര്‍.എം.പി അവിടെ കഴിഞ്ഞതവണയും മുല്ലപ്പള്ളിയുടെ കൂടെയായിരുന്നു എന്നായിരുന്നു മറുപടി.

പി. ശശി പാര്‍ട്ടിയുടെ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയിലെത്തിയിട്ട് കുറച്ചുകാലമായെന്നും മാദ്ധ്യമങ്ങള്‍ അക്കാര്യം ഇപ്പോള്‍ അറിഞ്ഞെന്ന് മാത്രമേയുള്ളൂ എന്നും ചോദ്യത്തിന് മറുപടിയായി കോടിയേരി പറഞ്ഞു.

മാവോയിസ്റ്റ് വേട്ടയില്‍ മജിസ്റ്റീരിയല്‍ അന്വേഷണം

വയനാട്ടിലെ മാവോയിസ്റ്റ് വേട്ടയുമായി ബന്ധപ്പെട്ടുയര്‍ന്ന ആരോപണങ്ങളില്‍ മജിസ്റ്രീരിയല്‍ അന്വേഷണത്തിന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് കോടിയേരി പറഞ്ഞു. ഇക്കാര്യത്തില്‍ സുപ്രീംകോടതി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളനുസരിച്ചുള്ള എല്ലാ നടപടിക്രമങ്ങളും സര്‍ക്കാര്‍ പാലിക്കും.

Leave a Reply

Your email address will not be published. Required fields are marked *